തിരുവനന്തപുരം: എല്ലാവര്ക്കും തൊഴിലും അതിലൂടെയുള്ള സാമ്പത്തിക ശാക്തീകരണവും വിഭാവനം ചെയ്യുന്ന കേരള വികസന രൂപരേഖ ബിജെപി ന്ത്വത്തിലുള്ള ദേശീയജനാധിപത്യ സഖ്യം (എന്‍ഡിഎ) അവതരിപ്പിച്ചു. ജനങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആത്മബലം പകര്ന്നുനല്കുന്ന കര്‍മ്മപദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് കേരള വികസനത്തിനുള്ള എന്‍ഡിഎയുടെ രൂപരേഖ പ്രകാശനം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസും സിപിഎമ്മും നാമമാത്രമായ ആനുകൂല്യങ്ങള്‍ നല്കി ജനങ്ങളെ വഞ്ചിക്കുകയാണ്. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്കിയതൊഴിച്ചാല് വികസനത്തിന്റെ പന്ഥാവിലേക്ക് നയിച്ചില്ല. പ്രാഥമിക വിദ്യാഭ്യാസം നല്‍കിയെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണയും പ്രോത്സാഹനവും ലഭ്യമാക്കിയില്ല. സഹതാപമല്ല അവര്‍ക്കു വേണ്ടത് ശാക്തീകരണമാണ്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള കരുത്തും അധ്വാനിക്കാനുള്ള അവസരവുമാണ് വേണ്ടതെന്ന് വികസന രൂപരേഖയില്‍ പറയുന്നു.
രണ്ട് വികസനമാതൃകകളാണ് കേരളത്തിന്റെ മുന്നിലുള്ളത്. പന്ത്രണ്ട് വര്‍ഷമായി ഗുജറാത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസനപദ്ധതിയാണൊന്ന്. മൂന്നരപതിറ്റാണ്ടിലധികമായി പശ്ചിമബംഗാളില്‍ സിപിഎം ഉണ്ടാക്കിയ മാതൃകയാണ് രണ്ടാമത്തേത്. ബംഗാളില്‍ നിന്നെത്തി 25 ലക്ഷത്തില്‍പരം യുവാക്കള്‍ കേരളത്തില്‍ തൊഴിലെടുക്കുന്നു. ഗുജറാത്തില്‍ നിന്നാകട്ടെ വ്യാപാരികളും വ്യവസായികളുമാണ് ഇവിടെ വരുന്നത്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷ വികസനപദ്ധതി ചോദ്യം ചെയ്യപ്പെടുന്നത്. ഇന്ത്യയിലേറ്റവും കൂടുതല്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ളത് ഗുജറാത്താണെങ്കില്‍ അത്തരം അന്തരീക്ഷം തീരെയില്ലാത്തത് കേരളത്തിലും ബംഗാളിലുമാണെന്ന് നയരേഖ ചൂണ്ടിക്കാട്ടുന്നു.
ദേശീയ രാഷ്ട്രീയത്തിന്റെ ചലനങ്ങള്‍ കേരളത്തിലും കാണാം. സംഘടിത മതശക്തികളെ പ്രീണിപ്പിച്ച് രാഷ്ട്രീയ വിജയം നേടിയെടുക്കാനുള്ള ശ്രമം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. വികസനരാഷ്ട്രീയത്തെയും നരേന്ദ്രമോദിയെയും സ്വീകരിക്കുന്ന സമീപനമാണ് പൊതുവെയുള്ളത്. ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്ന കേരളത്തിലെ യുവജനങ്ങള്‍ തൊഴിലില്ലാത്ത സാഹചര്യത്തിലാണ് ജീവിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമായി ഇടതു-വലത് മുന്നണികളെ മാറിമാറി സ്വീകരിക്കുന്ന സംസ്ഥാനമാണ് കേരളം. നിഷേധവോട്ടാണ് മുഖമുദ്ര. പരസ്പരം തോല്‍പ്പിക്കാന്‍ വോട്ടു ചെയ്യുന്ന അവസ്ഥ മാറണം. വര്‍ഗ്ഗീയ പ്രീണനങ്ങള്‍ക്കപ്പുറം കേരളത്തിന്റെ വികസനം പ്രാപ്തമാക്കുന്ന ഒരു രാഷ്ട്രീയ സംസ്കാരം വിജയിക്കണം. അത്തരമൊരു ഭാവാത്മക സമീപനം ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിനേയുള്ളു.
ഐടി ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തെ ഐടി കയറ്റുമതിയില്‍ വളരെ ചെറിയ സംഭാവന മാത്രമാണ് ഇന്ന് കേരളത്തിലുള്ളത്. ഇതിന്റെ പതിന്മടങ്ങ് കര്‍ണാടകത്തിനുണ്ട്. അവിടെ ഈ രംഗത്ത് ജോലി ചെയ്യുന്നവരില്‍ ഏറിയഭാഗവും മലയാളികളാണെന്നുള്ളതാണ് വിരോധാഭാസം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്കാണ് പ്രവാസി മലയാളികള്‍ക്കുള്ളത്. പ്രവാസികളുടെ സഹകരണം പരമാവധി ഗുജറാത്ത് പ്രയോജനപ്പെടുത്തുന്നുണ്ട്. ആ മാതൃക എന്‍ഡിഎ കേരളത്തിലും കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും നേതാക്കള്‍ വിശദീകരിച്ചു.
ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, എല്‍ജെപി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ രമാ ജോര്‍ജ്ജ്, ആര്എസ്പിബി സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം കെ.ആര്. രാജേഷ്, മാനിഫെസ്റ്റോ കമ്മറ്റി കണ്‍വീനര്‍ ഡോ. കെ. ജയപ്രസാദ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: