പത്തനംതിട്ട: രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് നിയമങ്ങള്‍ മറികടന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി സമ്പാദിക്കാന്‍ ആന്റോആന്റണി എംപി നേരിട്ട് ഇടപെട്ടതായി ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇതിന് അടിസ്ഥാനമായ രേഖകളുടെ പകര്‍പ്പുകളും പുറത്തുവിട്ടു. കെജിഎസ് ഗ്രൂപ്പിന് വേണ്ടി ആന്റോആന്റണി 2010 ആഗസ്റ്റ് 22 നും 23 നും 2011 ജനുവരി 5 നും പ്രധാനമന്ത്രിയ്ക്കും പ്രതിരോധ മന്ത്രിയ്ക്കും കത്തെഴുതിയിരുന്നു. പദ്ധതിക്ക് അനുമതി നല്കാതിരിക്കാന് നാവികസേന ഉന്നയിക്കുന്നത് ബാലിശമായ സാങ്കേതിക കാരണങ്ങള്‍ ആണെന്ന് കത്തില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും 2011 ജൂണ്‍ 25 ന് ആന്റോ ആന്റണിയുടെ കത്ത് അടിയന്തര പ്രാധാന്യത്തോടെ രാജ്യരക്ഷാമന്ത്രിയുടെ ഓഫീസിലേക്ക് അയയ്ക്കുകയും തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം അനുമതി നല്കുകയുമാണുണ്ടായത്. ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെവരെ എംപി ആന്റോ ആന്റണി ദുരുപയോഗം ചെയ്തു.
ഇന്ത്യന്‍ നാവിക സേനയുടെ എതിര്‍പ്പിനെ അവഗണിച്ച് എംപിയുടെ ഇടപെടലിനെത്തുടര്‍ന്ന് സ്വകാര്യ വിമാനത്താവള പദ്ധതിക്ക് അനധികൃതമായി അനുവാദം നല്കിയ കേന്ദ്ര പ്രതിരോധ വകുപ്പ് രാജ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടി നാവികസേനയുടെ വിമാനങ്ങള്‍ക്ക് പറക്കാനും രാജ്യസുരക്ഷ ഉറപ്പുവരുത്താനും ഐഎന്‍എസ് ഗരുഡയുടെ തുറന്ന പറക്കല്‍ പ്രദേശമായ ആറന്മുളയില് വിമാനത്താവളം അനുവദിക്കരുതെന്ന കര്‍ശന നിലപാടാണ് ആദ്യം നാവികസേന സ്വീകരിച്ചത്. ആന്റോ ആന്റണിയും പി.ജെ.കുര്യനും ചേര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയ കരുനീക്കങ്ങളുടേയും സമ്മര്‍ദ്ദ രാഷ്ട്രീയ തന്ത്രങ്ങളുടേയും ഫലമായി നാവികസേനയുടെ നിലപാട് അട്ടിമറിക്കുകയാണ് ചെയ്തത്. നാവികസേനയുടെ മുന്നറിയിപ്പും ഭയാശങ്കകളും കണക്കിലെടുത്ത് നാടിന്റെ സുരക്ഷയുറപ്പാക്കുവാന് നടപടി സ്വീകരിക്കുകയായിരുന്നു ഇവര്‍ ചെയ്യേണ്ടത്. പകരം കെജിഎസ് ഗ്രൂപ്പിന്റെ കച്ചവടതാല്പര്യം സംരക്ഷിക്കുന്നതിന് പ്രതിരോധ നിയമങ്ങളെ കാറ്റില്‍ പറത്തുകയും നാവികസേനയെ കോര്‍പ്പറേറ്റ് കമ്പനിക്ക് മുമ്പില്‍ അടിയറവ് പറയിക്കുകയും ചെയ്തത് രാജ്യസ്നേഹികള്‍ക്കും സൈനികര്‍ക്കും അപമാനകരമായ സംഭവമാണ്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് ഇതിനെകുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കര്‍മ്മസമിതി ആവശ്യപ്പെട്ടു.
കൊച്ചി നാവികസേനാ ആസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുന്ന ഏതൊരു നീക്കവും രാഷ്ട്രത്തിന്റെ സുരക്ഷ അപകടത്തിലാക്കും. ഐഎന്‍എസ് ഗരുഡയുടെ നേവല്‍ എയര്‍സ്റ്റേഷനില്‍ നിന്നും 44 നോട്ടിക്കല്‍ മെയില്‍ മാത്രമാണ് ആറന്മുളയിലേക്കുള്ള വ്യോമദൈര്ഘ്യം. 2010 മാര്‍ച്ച് 5, ഒക്ടോബര്‍ 8, നവംബര്‍ 16, തീയതികളില്‍ എഴുതിയ കത്തുകള്‍ വഴി ആറന്മുളയില് വിമാനത്താവളം പണിയരുതെന്നും സൈനിക വിമാനങ്ങള്‍ക്ക് സ്വതന്ത്രമായി പറക്കാന്‍ പ്രദേശം ഒഴിച്ചിടണമെന്നും നാവികസേന നിഷ്കര്‍ഷിക്കുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ ആന്റോആന്റണിയും പി.ജെ.കുര്യനും പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെമേല് പലതവണ സമ്മര്‍ദ്ദം ചെലുത്തുകയും എ.കെ.ആന്റണിയെ തെറ്റിധരിപ്പിക്കുകയും ചെയ്തു. നാവികസേനയെ മറികടന്ന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും പദ്ധതിക്ക് അനുമതി നേടിയെടുക്കാന്‍ ആന്റോആന്റണി അദ്ദേഹത്തിന്റെ പദവികളും സ്ഥാനമാനങ്ങളും ദുരുപയോഗം ചെയ്തു.
പദ്ധതിയുടെ അനുമതിക്കായി ഡല്‍ഹി കേന്ദ്രീകരിച്ച് ആന്റോആന്റണിയും കെജിഎസ് ഗ്രൂപ്പും നടത്തിയിട്ടുള്ള ഗൂഢാലോചനയും വഴിവിട്ട പ്രവര്‍ത്തനങ്ങളും രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതാണ്. ഭാരതത്തിന്റെ തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന ഉപഭൂഖണ്ഡത്തില്‍ ഒരു സ്വകാര്യ വിമാനത്താവളത്തിന് അനുമതി കൊടുത്തതിന്റെ ദൂരൂഹത അന്വേഷണവിധേയമാക്കണം. ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി പ്രസിഡന്റ് പി.ഇന്ദുചൂഡന്, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, ജനറല്‍ കണ്‍വീനര്‍, പിആര്‍.ഷാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: