ആലപ്പുഴ: വെളിപ്പെടുത്തലുകള്‍ ഭയന്ന് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രധാനപ്രതി ബിജു രാധാകൃഷ്ണനെ കോടതിയില്‍ ഹാജരാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം.
ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ കെ.സി. വേണുഗോപാലിനെതിരെ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ബിജു പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ഭാര്യ രശ്മിയെ കൊന്ന കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ബിജു.
ജയിലില്‍ നിന്നാണ് ബിജുവിനെ വിവിധ കോടതികളില്‍ സോളാര്‍ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് എത്തിക്കുന്നത്. എന്നാല്‍ ബിജുവിനൊപ്പം അയയ്ക്കാന്‍ മതിയായ പോലീസുകാരെ ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ജയില്‍ അധികൃതര്‍ ബിജുവിനെ നിലവില്‍ കോടതികളിലേക്ക് അയയ്ക്കാതെ അവധിക്ക് അപേക്ഷിക്കുകയാണ്.
നേരത്തെ റാന്നി കോടതിയില്‍ ഹാജരായ ശേഷം മടങ്ങുമ്പോള്‍ കെ.സി. വേണുഗോപാലും സരിതയുമായി ബന്ധമുണ്ടെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടുമെന്നും ബിജു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. ഏപ്രില്‍ ഒന്നിന് അമ്പലപ്പുഴ കോടതിയില്‍ ഇതുസംബന്ധിച്ച് തെളിവുകള്‍ സമര്‍പ്പിക്കുമെന്നും ബിജു അറിയിച്ചിരുന്നു. എന്നാല്‍ ഒന്നിന് ബിജുവിനെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയില്ല.
ഇന്നലെ മറ്റൊരു കേസില്‍ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹാജരാകേണ്ടിയിരുന്നെങ്കിലും അവിടെയും എത്തിത്തില്ല. വേണുഗോപാലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തരുതെന്ന ലക്ഷ്യത്തോടെയാണ് ബിജുവിനെ കോടതിയില്‍ ഹാജരാക്കാത്തതെന്നാണ് ആക്ഷേപം. എന്നാല്‍ സോളാര്‍ തട്ടിപ്പു കേസിലെ മറ്റൊരു പ്രതി സരിത.എസ്. നായര്‍ കാര്യമായി മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ച ശേഷം കോടതികളില്‍ ഹാജരാക്കുകയും യുഡിഎഫിനും കെ.സി. വേണുഗോപാലിനും അനുകൂലമായി പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നതും സംശയം ജനിപ്പിക്കുന്ന നടപടികളാണ്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: