സാന്റിയാഗോ: ചിലിയുടെ തീരദേശ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയുണ്ടായ ശക്തമായ ഭൂചലനത്തില്‍ അഞ്ച് പേര് മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 8.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മരണ സംഖ്യ ഉയര്‍ന്നേക്കാം.
ഭൂകമ്പമുണ്ടായി 45 മിനിട്ടുകള്‍ക്കുള്ളില്‍ ചിലിയുടെ വടക്ക് പടിഞ്ഞാറന്‍ തീരങ്ങളിലും അയല്‍രാജ്യമായ പെറുവിലും രണ്ട് മീറ്റര്‍ ഉയരത്തില്‍ വരെ സുനാമി തിരകള്‍ വീശിയടിച്ചു. തീരദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭൂകമ്പത്തിന്റെ ആഘാതത്തില്‍ ഹൃദയാഘാതം ഉണ്ടായും ഭിത്തിയിലും മറ്റും ഇടിച്ചുതെറിച്ചുമാണ് പലരും മരിച്ചത്.
പെറുവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും മുന്‍കരുതലായി പെറുവിലെ തീരനഗരങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
ചിലിയിലെ ഇക്വിക്കില് നിന്നും 100 കിലോമിറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജി വിഭാഗം അറിയിച്ചു. ഭൂചലനത്തില്‍ ഇക്വിക്ക് ജയിലിെന്റ മതില് തകര്‍ന്നതോടെ 300 സ്ത്രീ തടവുകാര്‍ രക്ഷപ്പെട്ടു. ഇതില്‍ 26 പേരെ കണ്ടെത്തി.
ചിലിയിലെ ചെമ്പ് ഖാനന തീരങ്ങളില്‍ കഴിഞ്ഞയാഴ്ചകളില്‍ നേരിയ ചലനങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിച്ചിരുന്നു. അതിനാല്‍ വലിയ ദുരന്തം ഒഴിവാക്കാനായി. 2010ല്‍ ചിലിയിലുണ്ടായ ഭൂകമ്പത്തില്‍ 526 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: