ധാക്ക: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ കിരീടാവകാശിയെ നിര്‍ണയിക്കാന്‍ ഇനി മൂന്നുകളികള്‍ മാത്രം ബാക്കി. രണ്ട് സെമിഫൈനലും ഒരു ഫൈനലും. സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നും നാളെയും നടക്കും. ഇന്നത്തെ ആദ്യ സെമിഫൈനലില്‍ നിലവിലെ ലോകചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസും രണ്ട് തവണ ഫൈനല്‍ കളിച്ച ശ്രീലങ്കയും ഏറ്റുമുട്ടുമ്പോള്‍ നാളത്തെ രണ്ടാം സെമിയില്‍ ആദ്യ ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയും 2009ലെ സെമിഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയും തമ്മിലും ഏറ്റുമുട്ടും. വൈകിട്ട് 6.30നാണ് മത്സരം.
സൂപ്പര്‍ ടെന്നില്‍ ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായാണ് നിലവിലെ റണ്ണേഴ്സപ്പായ ശ്രീലങ്ക സെമിയില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് വെസ്റ്റിന്‍ഡീസ് അവസാന നാലില്‍ ഇടംപിടിച്ചത്. ഗ്രൂപ്പ് ഒന്നില്‍ നിന്ന് ദക്ഷിണാഫ്രിക്കയെയും നെതര്‍ലന്റ്സിനെയും ന്യൂസിലാന്റിനെയും പരാജയപ്പെടുത്തിയ ശ്രീലങ്ക ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്കയെ മറികടന്നാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഗ്രൂപ്പ് രണ്ടില്‍ നിന്ന് ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയം ഏറ്റുവാങ്ങിയ വിന്‍ഡീസ് പിന്നീടുള്ള മത്സരങ്ങളില്‍ ബംഗ്ലാദേശിനെയും ഓസ്ട്രേലിയയെയും പാക്കിസ്ഥാനെയും തകര്‍ത്താണ് ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് അവസാന നാലില്‍ ഇടംപിടിച്ചത്.
ഈ ലോകകപ്പോടെ ട്വന്റി 20 കരിയറിനോട് വിടപറയുന്ന മഹേല ജയവര്‍ദ്ധനെയുടെ ഉജ്ജ്വലഫോമിലാണ് ലങ്കന്‍ പ്രതീക്ഷ. അതേസമയം ലോകകപ്പോടെ വിടപറയുന്ന സംഗക്കാര കഴിഞ്ഞ മത്സരങ്ങളിലെല്ലാം പരാജയപ്പെട്ടത് ലങ്കന്‍ നിരയ്ക്ക് നേരിയ ആശങ്ക നല്‍കുന്നുണ്ട്. എങ്കിലും ദില്‍ഷനും, കുശല്‍ പെരേരയും ക്യാപ്റ്റന്‍ ചണ്ടിമലും ഓള് റൗണ്ടര്‍ ആഞ്ചലോ മാത്യൂസും സംഗക്കാരയുടെ പരാജയം മറികടക്കാന്‍ കെല്‍പ്പുള്ളവരാണ്. കഴിഞ്ഞമത്സരങ്ങളില് ഇവരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തിരുന്നു. അതേപോലെ കരുത്തുറ്റ ബൗളിംഗ് നിരും സിംഹളര്‍ക്ക് സ്വന്തമാണ്. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ ലസിത് മലിംഗ ഉജ്ജ്വലഫോമിലാണെന്നത് ലങ്കയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഒപ്പം നുവാന്‍ കുലശേഖരയും തീസര പെരേരയും സചിത്ര സേനാനായകരെയും ഉള്‍പ്പെടുന്ന പേസ് പടയും ആഞ്ചലോ മാത്യൂസും അജാന്ത മെന്‍ഡിസും നേതൃത്വം നല്കുന്ന സ്പിന്‍ പടയും കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച രീതിയിലാണ് പന്തെറിഞ്ഞിരുന്നത്.
അതേസമയം വിന്‍ഡീസും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എങ്കിലും ഓപ്പണര്‍ ക്രിസ് ഗെയില്‍ ഇതുവരെ യഥാര്‍ത്ഥ ഫോമിലേക്കുയര്‍ന്നിട്ടില്ല എന്നത് അവരുടെ ഉറക്കം കെടുത്തുന്നുണ്ട്. അതുപോലെ മറ്റൊരു ഓപ്പണറായ ഡ്വെയ്ന്‍ സ്മിത്തും. ഒരു മത്സരത്തില്‍ അര്ദ്ധശകതം നേടിയെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ സ്മിത്ത് പരാജയമായിരുന്നു. ഈ കുറവ് പരിഹരിക്കുന്നത് ബ്രാവോയും സമിയും ചേര്‍ന്നാണ്. ഇരുവരും മികച്ച ഫോമിലാണ് കളിക്കുന്നത്.
അതുപോലെ സിമണ്‍സും സാമുവല്‍സും തരക്കേടില്ലാത്ത പ്രകടനമാണ് നടത്തുന്നത്. സാന്റോക്കിയും നരേയ്നും ബദ്രിയും സമിയും ഉള്‍പ്പെടുന്ന ബൗളിംഗ്നിര മികച്ച ഫോമിലാണ്. എന്തായാലും കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന വെസ്റ്റിന്‍ഡീസും കന്നി ലോകകപ്പ് ലക്ഷ്യമിട്ട് ശ്രീലങ്കയും സെമിയില്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം ഏറെ ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: