ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണയും സമനില വഴങ്ങി. എവേ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടും ബാഴ്സലോണ സ്വന്തം തട്ടകത്തില്‍ അത്ലറ്റികോ മാഡ്രിഡിനോടുമാണ് സമനില പാലിച്ചത്. ഇരു മത്സരങ്ങളും 1-1നാണ് സമനിലയില്‍ പിരിഞ്ഞത്.
ലണ്ടനിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില വഴങ്ങിയത്. യുണൈറ്റഡിന് വേണ്ടി വിദിക്കും ബയേണിനായി ഷ്വയ്ന്‍സ്റ്റീഗറും ഗോള്‍ നേടി. അതേസമയം 90-ാം മിനിറ്റില്‍ പ്ലേ മേക്കര്‍ ബാസ്റ്റിന് ഷ്വയ്ന്‍സ്റ്റീഗര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് അവര്‍ക്ക് തിരിച്ചടിയായി. അടുത്ത ബുധനാഴ്ച രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്ററിനെ എതിരിടാനിറങ്ങുമ്പോള്‍ ഷ്വയ്ന്സ്റ്റീഗറിന്റെ സേവനം ബയേണിന് ലഭിക്കുകയില്ല. എങ്കിലും ഒരു എവേ ഗോളിന്റെ ആനുകൂല്യത്തിലാണ് ബയേണ്‍ സ്വന്തം മണ്ണില്‍ പോരാട്ടത്തിനിറങ്ങുക. രണ്ടാം പാദം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചാലും നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ സെമിയിലേക്ക് കുതിക്കും.
സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാള്‍ ആധിപത്യം ബയേണിനായിരുന്നു. റോബനും റിബറിയും ക്രൂസും മുള്ളറും ഉള്‍പ്പെട്ട ബയേണ്‍ മുന്നേറ്റനിര തുടക്കം മുതല്‍ തന്നെ യുണൈറ്റഡ് മേഖലയില്‍ നിരവധി തവണ പന്തെത്തിച്ചു. ഏഴാം മിനിറ്റില്‍ റോബന്റെ ഒരു ശ്രമം നേരിയ വ്യത്യാസത്തിന് പുറത്തുപോയി. 12-ാം മിനിറ്റില്‍ റോബന്റെ മറ്റൊരു ഷോട്ട് മാഞ്ചസ്റ്റര്‍ പ്രതിരോധനിരതാരം രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ തോമസ് മുള്ളറുടെ ശ്രമവും പാഴായി. പിന്നീട് 31-ാം മിനിറ്റില്‍ ഷ്വയ്ന്‍സ്റ്റീഗറുടെ പാസില്‍ നിന്ന് റോബന് ബോക്സിന് പുറത്തുനിന്ന് ഉതിര്‍ത്ത ഷോട്ട് യുണൈറ്റഡ് ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ഡാനി വെല്‍ബാക്കിന്റെ ഷോട്ട് ബയേണ്‍ ഗോളി രക്ഷപ്പെടുത്തിയപ്പോള്‍ വെയ്ന്‍ റൂണിയുടെ ഷോട്ട് പ്രതിരോധനിരയില്ത്തട്ടി തെറിച്ചു. പിന്നീട് 58-ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ് നേടി. വെയ്ന്‍ റൂണി നല്കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ വിദിക്കാണ് ബയേണ്‍ വല കുലുക്കിയത്. എട്ട് മിനിറ്റിനുശേഷം ബയേണ്‍ സമനില നേടി. മരിയോ മാന്‍സുകിച്ച് തലകൊണ്ട് ചെത്തിയിട്ടുകൊടുത്ത പന്ത് നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ ഷ്വയ്ന്‍സ്റ്റീഗര്‍ യുണൈറ്റഡ് ഗോളിയെ കീഴടക്കി വല കുലുക്കി. അവസാന മിനിറ്റുകളില്‍ ഇരുടീമുകളും വിജയഗോളിനായി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയില്ല.
നൗകാമ്പില്‍ നടന്ന മറ്റൊരു ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബാഴ്സലോണ അത്ലറ്റികോ മാഡ്രിഡിനെതിരെ സമനില സ്വന്തമാക്കിയത്. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിന്റെ അകമ്പടിയോടെ മെസ്സിയും നെയ്മറും സാവിയും ഇനിയേസ്റ്റയും ഉള്‍പ്പെട്ട കറ്റാലന്‍ പട അത്ലറ്റികോ ബോക്സിലേക്ക് നിരവധി തവണ പന്തെത്തിച്ചിട്ടും വിജയഗോള്‍ നേടാന്‍ മാത്രം അവര്‍ക്ക് കഴിഞ്ഞില്ല. മത്സരത്തിലുടനീളം കളം നിറഞ്ഞുകളിച്ചിട്ടും 71 ശതമാനവും പന്ത് നിയന്ത്രിച്ചിട്ടും 19 ഷോട്ടുകളുതിര്‍ക്കാന്‍ കഴിഞ്ഞിട്ടും ഒരു തവണമാത്രമാണ് സൂപ്പര്‍താരനിരയുമായി ഇറങ്ങിയ ബാഴ്സക്ക് കഴിഞ്ഞത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 56-ാം മിനിറ്റില്‍ ഡീഗോയാണ് അത്ലറ്റികോയെ മുന്നിലെത്തിച്ചത്. എന്നാല്‍ 71-ാം മിനിറ്റില്‍ ഇനിയേസ്റ്റയുടെ പാസില്‍ നിന്ന് നെയ്മര്‍ വലംകാലന്‍ ഷോട്ടിലൂടെ അത്ലറ്റികോ വല കുലുക്കി. പിന്നീട് വിജയത്തിനായി ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിജയഗോള്‍ മാത്രം വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: