ഇസ്ലാമബാദ്: രാജ്യദ്രോഹത്തിന് കുറ്റാരോപിതനായ പാക് മുന്‍ സൈനിക ഭരണ മേധാവി പര്‍വെസ് മുഷാറഫിനെ രാജ്യം വിടാന്‍ അനുവദിക്കണമെന്ന് കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് സര്‍ക്കാരിനോടാവശ്യപ്പെട്ടു. പ്രധാനമന്ത്രി നവാസ് ഷെരീഫ് വിളിച്ചുചേര്‍ത്ത ഉന്നത തല യോഗത്തിലാണ് സൈനികമേധാവി ഈ ആവശ്യമുന്നയിച്ചത്. മുഷാറഫ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതി വിധിച്ചിരുന്നു.
ദുബായിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അമ്മയെ കാണാനും സ്വയം ചികിത്സ തേടാനും മുഷാറഫിനെ അനുവദിക്കണമെന്നാണ് സൈനിക മേധാവി ആവശ്യപ്പെട്ടത്. പക്ഷേ ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.
ഹൃദ്രോഗ ചികിത്സയ്ക്കായി മുഷാറഫിനെ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശയാത്ര നിയന്ത്രിക്കപ്പെട്ടവരുടെ പട്ടികയില്‍ സര്‍ക്കാര്‍ മുഷാറഫിനെ പെടുത്തിയതോടെ അദ്ദേഹത്തിന് രാജ്യം വിടനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് മുഷാറഫ് പാകിസ്ഥാനിലെത്തിയത്. പക്ഷേ നിരവധി കേസുകളില്‍ കുടുങ്ങിയതിനാല്‍ മത്സരിക്കാനായില്ല. ഇപ്പോള്‍ അദ്ദേഹം തടങ്കലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: