തൃശൂര്‍: ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ട വിവരമറിഞ്ഞ് അവരുടെ വീട്ടില്‍പോയി രമയെ ആശ്വസിപ്പിച്ച്, തെരഞ്ഞെടുപ്പു വന്നപ്പോള്‍ നടത്തിയ മലക്കം മറിച്ചിലിലൂടെ ആരുടെ വിശ്വാസ്യതയാണ് നഷ്ടമായതെന്ന് വി.എസ് അച്യുതാനന്ദന് ആത്മപരിശോധന നടത്തണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി ആവശ്യപ്പെട്ടു.
വിഎസ് കാണിച്ചത് കടുത്ത വിശ്വാസവഞ്ചനയും ചതിയുമാണെന്നും ആന്റണി പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വിശ്വാസ്യതയിലേക്ക് വിഎസ് ടോര്‍ച്ചടിച്ചു നോക്കണം. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നല്കിയ വി.എസ് ഗൂഢാലോചന അന്വേഷിക്കില്ലെന്ന സിബിഐയുടെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്തു നല്കാന് ധൈര്യപ്പെടുമോയെന്ന് അദ്ദേഹം ചോദിച്ചു.
ചന്ദ്രശേഖരന് വധക്കേസില്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചില്ലെങ്കില്‍ സിപിഎമ്മിനെ ജനങ്ങള്‍ വെറുതെവിടില്ല. നിഷ്പക്ഷ വോട്ടര്‍മാര്‍ സിപിഎമ്മിനേയും ഇടതുമുന്നണിയേയും കൈവിട്ടു. ചെറുപ്പക്കാരും അവരില്‍ നിന്ന് അകന്നു. വി.എസ് മലക്കം മറിഞ്ഞെങ്കിലും ജനങ്ങള്‍ നിലപാടു മാറ്റിയിട്ടില്ല. അഞ്ച് സ്വതന്ത്രരെ സിപിഎം മല്സരരംഗത്തിറക്കിയതിന്റെ ദുരവസ്ഥ അണികളെ ബോധ്യപ്പെടുത്താന്‍ നേതൃത്വത്തിനു കഴിയുന്നില്ല. അപമാനകരമായ തോല്‍വിയാണ് ഇടതുപക്ഷത്തെ കാത്തിരിക്കുന്നത്. അക്രമശൈലി മാറ്റിയില്ലെങ്കില്‍ സിപിഎം വന്തകര്ച്ചയിലേക്കു പതിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമുദായിക സംഘടനകളുമായി യുഡിഎഫിന് കല്ലുകടിയില്ലെന്നും സമുദായ സംഘടനകള്‍ ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു സംബന്ധിച്ച് കേരളത്തിലെ കര്‍ഷകര്‍ക്കൊപ്പമാണ് കോണ്‍ഗ്രസും താനും നിലകൊള്ളുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഒരു നയപരിപാടിക്കും പിന്തുണയുണ്ടാകില്ല. കേരളത്തിലെ ഭരണ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റ് കൂടുതല്‍ യുഡിഎഫ് നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണംതന്നെ ഇത്തവണയും ഉണ്ടാകും. സര്‍വേകളില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് നേടുമെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: