കൊച്ചി: മാതാ അമൃതാന്ദമയി മഠത്തിനെതിരെ വിവാദ അഭിമുഖം സംപ്രേഷണം ചെയ്തതിനെച്ചൊല്ലി കൈരളി ചാനല്‍ നേതൃത്വത്തിലും സിപിഎമ്മിലും ഭിന്നത രൂക്ഷമായി. അഭിമുഖം സംപ്രേഷണം ചെയ്യുന്നത് സിപിഎം നേതൃത്വം ആദ്യം വിലക്കിയതായിരുന്നു. പിന്നീട് ചാനല്‍ തലപ്പത്തുള്ള ചിലരുടെ ഇടപെടല്‍ മൂലമാണ് അത് സംപ്രേഷണം ചെയ്തത്.
തെരഞ്ഞെടുപ്പില്‍ ഇതുമൂലം സിപിഎമ്മിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് പാര്‍ട്ടിയില്‍ എതിര്‍പ്പുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ചാനല്‍ ചെയര്മാന് മമ്മൂട്ടിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് അഭിമുഖം സംപ്രേഷണം ചെയ്തത്. ഇത്തരമൊരു അഭിമുഖം ഇപ്പോള്‍ നല്‍കേണ്ട എന്നായിരുന്നു പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. എന്നാല്‍ മമ്മൂട്ടി ഇതിനായി നിര്‍ബന്ധം ചെലുത്തി. ജോണ്‍ബ്രിട്ടാസും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ബിസിനസ് താല്‍പ്പര്യങ്ങളാണ് മമ്മൂട്ടിയെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് വിവരം.
അദ്ദേഹത്തിന്റെ മകളും മരുമകനും പങ്കാളികളായ മെഡിക്കല്‍ സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കാനൊരുങ്ങുകയാണ്. അമൃതാനന്ദമയീ മഠത്തിന്റെ സ്ഥാപനങ്ങളെയാണ് മുഖ്യ എതിരാളികളായി ഇവര്‍ കാണുന്നത്. ഈ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് അഭിമുഖം സംപ്രേഷണം ചെയ്തതിന് പിന്നിലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയരുന്ന വിമര്‍ശനം. പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം എതിര്‍പ്പുമായി രംത്തെത്തിയതോടെ കൈരളി നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്.
അഭിമുഖത്തില്‍ ഗെയ്ല് ട്രെഡ്വെല് പറയുന്ന പല കാര്യങ്ങളും തെളിയിക്കാന്‍ കൈരളിക്ക് ബാധ്യതയുണ്ടെന്നും ഇതിന് ചാനലിന്റെ പക്കല്‍ എന്ത് ആധികാരികരേഖയാണുള്ളതെന്നും എതിര്‍പ്പുള്ളവര്‍ ചോദിക്കുന്നു. ചാനലിനെതിരെ മഠം നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മമ്മൂട്ടിയും ജോണ്‍ബ്രിട്ടാസും അടക്കമുള്ളവര്‍ പ്രതികളാണ്. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനുമായി അടുത്ത ബന്ധമാണ് മമ്മൂട്ടിക്കുള്ളതെങ്കിലും ഇക്കാര്യത്തില്‍ മമ്മൂട്ടിയെ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പിണറായി. കൈരളിയുടെ എഡിറ്റോറിയല്‍ കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ല എന്ന തൊടുന്യായമാണ് ഇപ്പോള്‍ നേതൃത്വം എതിര്‍പ്പുയര്‍ത്തുന്ന അണികള്‍ക്കു മുന്നില്‍ നിരത്തുന്നത്. എതിര്‍പ്പ് ശക്തമായാല്‍ മമ്മൂട്ടിയെ ചെയര്മാന് സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന് സൂചനയുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: