തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എല്‍ഐസിയില്‍ നിന്നും കൂടിയ പലിശയ്ക്കു വായ്പയെടുക്കാന്‍ നീക്കം. ശമ്പളവും പെന്‍ഷനും ഒരു കാരണവശാലും മുടങ്ങാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. 16 മുതല്‍ 22 ശതമാനം വരെയാണ് പലിശ.
പുറമെ ധനകാര്യപരിശോധനാവിഭാഗം പല വകുപ്പുകളിലും പരിശോധന നടത്തി മിച്ചഫണ്ടുകള്‍ ട്രഷറിയിലേക്ക് മാറ്റാനുളള നടപടിയും തുടങ്ങി. പുതിയ സാമ്പത്തികവര്‍ഷം തുടങ്ങിയതുകൊണ്ട് കേന്ദ്രത്തില്‍ നിന്നുള്ള വിഹിതവും മറ്റും ഇനിയുള്ള ദിവസങ്ങളില്‍ എത്തിത്തുടങ്ങും. അത്യാവശ്യത്തിനു പുതിയ കടപ്പത്രം പുറപ്പെടുവിക്കാനും തടസമില്ല.
തലസ്ഥാനത്താണ് ശമ്പളയിനത്തില്‍ ഏറ്റവും കുടുതല്‍ ഫണ്ട് വേണ്ടത്. അത് അടുത്തദിവസം സംഘടിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ശമ്പള വിതരണത്തിനുള്ള പണം ഇന്നും നാളെയുമായി ബാങ്കുകളില്‍നിന്നും ലഭിക്കും. തത്കാലം ശമ്പളം മാത്രമേ നല്‍കൂ. ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കാനാവില്ല. ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ വാങ്ങിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നു തിരുവനന്തപുരത്ത് പ്രാദേശിക അവധിയാണ്. അതിനാല്‍ നാളെയോടെ ശമ്പളവിതരണം ശരിയാകും.ഇന്നു ലഭിക്കുന്ന പണംകൊണ്ടു മറ്റു ജില്ലകളില്‍ ശമ്പളം വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ അവസാന ഒരാഴ്ചമാത്രം 5541.75 കോടിയുടെ ഇടപാടുകള്‍ ട്രഷറി വഴി നടത്തിയെന്നാണ് ധനമന്ത്രി കെ.എം. മാണിയുടെ അവകാശവാദം. വര്ഷാന്ത്യദിനമായ മാര്‍ച്ച് 31ന് മാത്രം 2530 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ മൊത്തംവരവ് 66046.71 കോടിയും ചെലവ് 68,917.86 കോടി രൂപയുമായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 10.14 ശതമാനവും 15.74 ശതമാനവും കൂടുതലാണ്. പ്രാഥമിക കണക്കനുസരിച്ച് 2013 മാര്‍ച്ചിലെ ആകെ 7514.09 കോടിയുടെ വരുമാനമുണ്ടായപ്പോള്‍ ചെലവ് 8797.48 കോടി രൂപയായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: