അമ്പലപ്പുഴ: സിപിഎം നേതാക്കള്‍ തന്നെ നിരവധിതവണ നേരിട്ട് വന്ന് കണ്ടിട്ടുള്ളതായി സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത.എസ്.നായര്‍. അമ്പലപ്പുഴ കോടതിയിലെത്തിയ സരിത മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. ഇതിനു മുമ്പും യുഡിഎഫിന് അനുകൂല പ്രസ്താവനകളുമായി സരിത രംഗത്തെത്തിയിരുന്നു.
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സജിചെറിയാനാണ് തന്നെ രണ്ടുതവണ നേരില്‍ കണ്ടത്. യുഡിഎഫ് മന്ത്രിസഭയെ മറിച്ചിടാന്‍ പറ്റുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തണമെന്നായിരുന്നു ആവശ്യം. തന്റെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്റെ വീട്ടിലായിരുന്നു സന്ദര്‍ശനം. ഇതിന് തന്റെ പക്കല്‍ തെളിവുകളുണ്ട്. ഫോണില്‍ സംസാരിച്ചത് താന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഇതിനുശേഷം രണ്ട് തവണ ഫോണ്‍ ചെയ്തിരുന്നു. താന്‍ വന്ന കാര്യം പുറത്ത് ആരോടും പറയരുതെന്ന് അറിയിക്കാനാണ് രണ്ടാം തവണ ഫോണ്‍ ചെയ്തതെന്നും സരിത പറഞ്ഞു.
അബ്ദുള്ളക്കുട്ടിയുടെ മാത്രമല്ല, മറ്റ് പലരുകളുടെ പേരും വെളിപ്പെടുത്താനുണ്ട്. സോളാര്‍ തട്ടിപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് പങ്കുള്ളതായി സരിത പറഞ്ഞു. ഏപ്രില്‍ 10ന് ശേഷം എല്ലാം തുറന്ന് പറയും. സലിംരാജുമായി ബന്ധപ്പെട്ടുള്ള ഭൂമി തട്ടിപ്പില്‍ തനിക്ക് ബന്ധമില്ല. തനിക്കും അഭിഭാഷകന് ഫെനി ബാലകൃഷ്ണനും വധഭീഷണിയുണ്ട്. സിംഗപ്പൂരില്‍ നിന്നാണ് വധഭീഷണി.
രാവിലെ 11ന് ഫെനി ബാലകൃഷ്ണനുമൊത്താണ് കോടതിയില്‍ ഹാജരായത്. ബിജു രാധാകൃഷ്ണനും കോടതിയില്‍ ഇന്നലെ ഹാജരാക്കേണ്ടതായിരുന്നെങ്കിലും അഭിഭാഷകന് അവധിക്ക് അപേക്ഷ നല്കി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പ്ലാക്കുടി ഇല്ലത്ത് നാരായണന് നമ്പൂതിരിയും കുടുംബാംഗങ്ങളും നല്കിയ കേസിലാണ് ഇന്നലെ അമ്പലപ്പുഴ കോടതിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: