കൊച്ചി: കൊച്ചി മെട്രോ കോച്ചുകളുടെ റീ ടെന്ഡറിംഗിന്റെ ഭാഗമായുള്ള പ്രീ ബിഡ് മീറ്റിംഗ് ഇന്ന് ദല്‍ഹിയില്‍ നടക്കും. കരാര്‍ എടുക്കാന്‍ താല്പര്യമുള്ള കമ്പനികളുടെ പ്രതിനിധികളും കെഎംആര്‍എല്‍, ഡിഎംആര്‍സി ഉദ്യോഗസ്ഥരും ഡിഎംആര്‍സി ആസ്ഥാനത്ത് നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കും. അതേസമയം ഇന്ന് നടക്കുന്ന പ്രീ ബിഡ് യോഗത്തില്‍ ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന് പങ്കെടുക്കില്ലെന്നാണ് സൂചന. തന്റെ താല്പര്യങ്ങള്ക്ക് വിരുദ്ധമായിട്ടാണ് റോളിംഗ് സ്റ്റോക്കിനായുള്ള റീ ടെന്‍ഡറിംഗ് എന്നതിനാലാണ് ശ്രീധരന് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. 75 കോച്ചുകള്‍ വാങ്ങുന്നതിനാണ് ടെണ്ടര്‍ നടക്കുന്നത്. കൊച്ചി മെട്രോയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ നിര്‍മാണ കരാറാകും റോളിംഗ് സ്റ്റോക്കിന്റേത്. 750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ടെണ്ടറിന് അനുബന്ധമായി 75 കോച്ചുകള്‍ക്കു കൂടിയുള്ള കരാറും ഇതേ ടെണ്ടറിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും. കൊച്ചി മെട്രോയുടെ കോച്ചുകള്‍ക്കായുള്ള ടെന്‍ഡര്‍ മാനദണ്ഡത്തില്‍ അപാകതയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് റീ ടെന്‍ഡര്‍ നടത്തുന്നതിന് തീരുമാനിച്ചത്. കഴിഞ്ഞ മാസം 10 നാണ് ടെണ്ടര്‍ പുറത്തിറക്കിയത്. മെയ് അഞ്ചാണ് ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി. ടെണ്ടര്‍ നടപടികള്‍ വൈകിയതിലൂടെ പദ്ധതി പൂര്‍ത്തീകരണത്തില്‍ നാല് മാസത്തെ കാലതാമസം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: