തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ബില്ലുകള്‍ പാസ്സാക്കാന്‍ ട്രഷറി വകുപ്പ് വിമുഖത കാട്ടിയതിന്റെ പേരില്‍ മേയര്‍ കെ. ചന്ദ്രികയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ട്രഷറി ഡയറക്ടറെയും ജീവനക്കാരെയും മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.
നഗരസഭയുടെ 9.78 കോടിയുടെ ബില്ലുകളാണ് രാവിലെ 11 മണിയോടെ ജില്ലാ ട്രഷറിയിലേക്കെത്തിയച്ചത്. എന്നാല്‍, വൈകിട്ട് നാലു വരെ ബില്ലുകള്‍ പാസ്സാക്കിയില്ല. തുടര്‍ന്ന് മേയറും ഡെപ്യൂട്ടി മേയറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരും കൗണ്‍സിലര്‍മാരും പണം ലഭിക്കാനുള്ള കോണ്ട്രാക്ടര്മാരും സംയുക്തമായി ജില്ലാ ട്രഷറി ഓഫീസര്‍ ഗീതയെ തടഞ്ഞുവെച്ചു. തുടര്‍ന്ന് ട്രഷറി ഡയറക്ടര്‍ എസ്. ശ്രീകുമാറിനെ മേയര്‍ ഫോണില്‍ ബന്ധപ്പെട്ടു. ഡയറക്ടര്‍ ജില്ലാ ട്രഷറിയിലെത്തിയതോടെ പ്രശ്നം രൂക്ഷമായി.
സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് കുറേ ദിവസങ്ങളായി മൂന്നു കോടിക്കു മുകളിലുള്ള ബില്ലുകള്‍ പാസാക്കാന്‍ പാസ്സാക്കാന്‍ കഴിയാത്തതെന്നു ഡയറക്ടര്‍ പറഞ്ഞു. എന്നാല്‍, കോണ്‍ട്രാക്ടര്‍മാര്‍ക്കുള്ള ബില്ലുകളും ക്ഷേമ പെന്‍ഷനുകളും നല്കാന് കഴിയാത്തത് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന നിലപാടാണ് മേയറും മറ്റു കൗണ്‍സിലര്‍മാരും എടുത്തത്. ഡയറക്ടറുടെ മുറിയില്‍ കയറി മേയറും ഡെപ്യൂട്ടീ മേയറും കൗണ്‍സിലര്‍മാരും നിലയുറപ്പിച്ചപ്പോള്‍ ട്രഷറിയുടെ പ്രവര്‍ത്തനങ്ങള്‍ ആകെ നിലച്ചു. കോണ്‍ട്രാക്ടര്‍മാര്‍ ട്രഷറി ഡയറക്ടറുടെ മുറിക്കു പുറത്ത് കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
9.78 കോടിയാണ് കോര്പ്പറേഷന് ആവശ്യപ്പെട്ടത്. സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസം ഇത്രയും തുക ഒരുമിച്ചു നല്കാന് സര്‍ക്കാര്‍ അനുമതിയില്ലെന്നു ഡയറക്ടര്‍ എസ്. ശ്രീകുമാര്‍ മേയറോടു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സഹകരണ ബാങ്കുകളിലെ തുക ട്രഷറികളിലേക്കു മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് ഇടതു പക്ഷം എതിര്‍ത്തതോടെ പദ്ധതി നടപ്പായില്ല.
പത്തു ദിവസങ്ങള്‍ക്കു മുമ്പുതന്നെ ട്രഷറിയില്‍ സാമ്പത്തിക നിയന്ത്രണം കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നുകോടിക്കു താഴെയുള്ളതു മാത്രമെ പാസ്സാക്കാന്‍ പാടുള്ളൂവെന്നും നിഷ്ക്കര്‍ഷിച്ചു. സര്‍ക്കാര്‍ നിര്‍ദേശം ഉള്ളതു കൊണ്ടാണ് തനിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതെന്നും ഡയറക്ടര്‍ പറഞ്ഞു. 22-ാം തീയതി മുതല്‍ കോര്‍പ്പറേഷന്റെ ബില്ലുകള്‍ മൂന്നുകോടി വെച്ച് നല്‍കിയിട്ടുണ്ട്. അങ്ങനെ ഇതുവരെ 24 കോടിരൂപയും ഇതിനു പുറമേ 7 കോടിയും അനുവദിച്ചിട്ടുണ്ട്. ഇത്രയും തുകയുടെ ഇളവുകള്‍ നല്‍കിയിട്ടും ഇന്നലെ 10 കോടിക്കടുത്തുള്ള ബില്ലുകള്‍ കൊണ്ടു വന്നാല്‍ അത് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് ഡയറക്ടര്‍ എടുത്തു.
പിന്നീട് ശിവന്‍കുട്ടി എംഎല്‍എയും ഫിനാന്‍സ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്ന് കോര്പ്പറേഷന് ആവശ്യപ്പെടുന്ന 9.78 കോടി അനുവദിക്കാനാവില്ലെങ്കിലും ഇപ്പോഴത്തെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ 6.15 കോടി അനുവദിക്കാമെന്നും ഉറപ്പുനല്‍കി.
ബാക്കി തുകയുടെ ബില്ലുകള്‍ അടുത്ത മാസം ആദ്യ വാരത്തില്‍ തന്നെ തരാമെന്നും ഉറപ്പു നല്‍കിയതോടെ ഉപരോധം നിര്‍ത്തി. ഉപരോധത്തില്‍ മേയര്‍ കെ ചന്ദ്രിക, ഡെപ്യൂട്ടീ മേയര്‍ ജി. ഹാപ്പികുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പദ്മകുമാര്‍, പാളയം രാജന്, ഷാജിത നാസര്‍, പുഷ്പലത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: