രാജ്യം വീണ്ടും ഒരു തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേന്ദ്രഭരണം നടത്തുന്ന, അഴിമതിയില്‍ മുങ്ങിയ യുപിഎ സര്‍ക്കാരിന്റെ വിധി എഴുത്ത് എന്നതിലുപരി, ഇന്ത്യന്‍ ജനാധിപത്യചരിത്രത്തിലെ നിര്‍ണ്ണായക മുഹൂര്ത്തംകൂടിയാണിത്. ജാതി, മത, വിഭാഗീയ ചിന്താധാരകളെ അടിസ്ഥാനപ്പെടുത്തിയ കപടമതേതര രാഷ്ട്രീയത്തിന് ബദലായി വികസനത്തിന് ഊന്നല്‍ നല്കുന്ന കര്‍മ്മപദ്ധതികളുമായി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) ജനവിധി തേടുകയാണ്. സ്വാതന്ത്ര്യാനന്തരം ഏതാണ്ട് അഞ്ചര പതിറ്റാണ്ടും കോണ്‍ഗ്രസാണ് രാജ്യം ഭരിച്ചത്. എന്നിട്ടും ജനകോടികള്‍ നിരക്ഷരും ദരിദ്രരുമാണ്. വൈകാരികപ്രശ്നങ്ങളെ ഉയര്‍ത്തിക്കാട്ടി അടിസ്ഥാന വിഷയങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണശൈലിയാണ് ഇതുവരെ വിജയിച്ചത്. ഇന്ത്യയിലെ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും അടിസ്ഥാനപ്രശ്നം ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയും കിടന്നുറങ്ങാന്‍ ഒരിടവും ഇല്ലാത്തതാണ്. ഈ പട്ടിണിപ്പാവങ്ങളുടെ മുന്നില്‍ വര്‍ഗ്ഗീയ വിദ്വേഷവും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പ്രദേശിക തര്‍ക്കങ്ങളും പഴയ വര്‍ഗ്ഗീയ കലാപങ്ങളുടെ ചരിത്രവും കപടമതേതര ചര്‍ച്ചകളുമാണ് കോണ്‍ഗ്രസും ഇടതുപക്ഷവും വയ്ക്കുന്നത്. വിദ്വേഷം വളര്‍ത്തി വിജയം വരിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളെ തകര്‍ക്കും. അതുകൊണ്ടുതന്നെ ഭാവാത്മകമായ സമീപനവും വികസന പദ്ധതികളും സാമൂഹിക സമരസതയും സര്‍വ്വമത സമഭാവനയും വളര്‍ത്തുന്ന രാഷ്ട്രീയം പ്രസക്തമാകുന്നു. ജനങ്ങള്‍ക്കു വേണ്ടത് വികസനവും ക്ഷേമവും സമാധാനവുമാണ്. ദേശീയ ജനാധിപത്യമുന്നണി ബിജെപിയുടെ നേതൃത്വത്തില്‍ മുന്നില്‍ വയ്ക്കുന്നത് വികസനോന്മുഖമായ രാഷ്ട്രീയവും സമഭാവനയുടെ സന്ദേശവും സഹവര്‍ത്തിത്വത്തിന്റെ ശൈലിയുമാണ്. 21-ാം നൂറ്റാണ്ടില്‍ ഭാരതത്തെ ഒരു വന്‍ശക്തിയാക്കാന്‍ പ്രാപ്തമായ നേതൃത്വവും കര്‍മ്മപദ്ധതികളുമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി ഉയര്‍ത്തികാണിക്കുന്നത്.
മതേതരത്വത്തിന്റെ പേരില്‍ വിഭജിച്ചുഭരിക്കുന്ന രാഷ്ട്രീയം കഴിഞ്ഞ ആറര പതിറ്റാണ്ട് രാജ്യത്തെ നയിച്ചതിന്റെ ഫലമാണ് ഇന്ന് ഭാരതം നേരിടുന്ന പ്രശ്നങ്ങള്‍. അഴിമതിയും നേതൃത്വരാഹിത്യവും ജനസമൂഹങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയവുമാണ് ഒരു കുടുംബത്തിന്റെ തണലില്‍ രാജ്യം ഇതുവരെ കണ്ടത്. ഈ അവസ്ഥ മാറണം. ജനാധിപത്യ വ്യവസ്ഥ കുടുംബാധിത്യത്തിലേക്കല്ല, മറിച്ച് വികസനത്തിലേയ്ക്കും സമൃദ്ധിയിലേയ്ക്കും രാജ്യത്തെ കൊണ്ടുപോകണം. അത്തരം ഒരു രാഷ്ട്രീയ സംസ്കാരം വളര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. ജാതി-മത വേര്‍തിരിവുകള്‍കൊണ്ട് സമൂഹത്തില്‍ വമ്പിച്ച വിള്ളലുകള്‍ സൃഷ്ടിച്ചു. 2014-ലെ തെരഞ്ഞെടുപ്പ് വികസനം മുന്നില്‍വയ്ക്കുന്ന നരേന്ദ്ര മോദി നയിക്കുന്ന രാഷ്ട്രീയവും വിഭാഗീയതയെ അടിസ്ഥാനപ്പെടുത്തിയ കപടമതേതര രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ്. മാറ്റത്തിനുവേണ്ടി കൊതിക്കുന്ന പുതു തലമുറ വികസനമാണ് ലക്ഷ്യമാക്കുന്നത്. നരേന്ദ്രമോദിക്കും ബിജെപിക്കും ദേശീയതലത്തില്‍ ലഭിക്കുന്ന സ്വീകാര്യത വികസന പദ്ധതികളോടും ദേശീയോന്മുഖമായ സമീപനങ്ങളോടും ജനങ്ങള്‍ക്കുള്ള താല്പര്യത്തെയാണ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ 2014 ലോക്സഭാ തിരഞ്ഞെടുപ്പ് ഭാവി ഭാരതത്തിന്റെ വിധിയെ നിര്‍ണ്ണയിക്കുന്ന ജനഹിതപരിശോധനയാണ്.
ദേശീയ രാഷ്ട്രീയത്തിന്റെ ചലനങ്ങള്‍ കേരളത്തിലും കാണാം. സംഘടിത മതശക്തികളെ പ്രീണിപ്പിച്ച് രാഷ്ട്രീയ വിജയം നേടി എടുക്കാനുള്ള ശ്രമം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. വികസന രാഷ്ട്രീയത്തെയും നരേന്ദ്ര മോദിയെയും സ്വീകരിക്കുന്ന സമീപനമാണ് നാം കാണുന്നത്. കോണ്‍ഗ്രസ്, മാര്കസ്സിസ്റ്റു കാപട്യം തിരിച്ചറിയാനും കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരം ഒരുക്കണം. രാജ്യത്തിന്റെ വിശേഷിച്ച് കേരളത്തിന്റെ ബഹുസ്വരത ഒരു കരുത്താണ്. അതുകൊണ്ടുതന്നെ ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ടാക്കാനുള്ള ഹീനരാഷ്ട്രീയ പദ്ധതികളും മുന്നണികളും എതിര്‍ക്കപ്പെടണം. ഭൂരിപക്ഷമായ ഹിന്ദുക്കളില്‍നിന്നും ന്യൂനപക്ഷസമൂഹത്തെ സംരക്ഷിക്കുമെന്ന് പ്രചരിപ്പിച്ച്, ന്യൂനപക്ഷങ്ങളില്‍ ഭീതി ജനിപ്പിക്കുന്ന ഇടതു-വലതു മുന്നണി രാഷ്ട്രീയശൈലി ഇനിയും ഇവിടെ വിജയിക്കാന്‍ പാടില്ല. ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ പ്രതിഫലനങ്ങള്‍ കേരളത്തിലും ഉണ്ടാകണം. കേരള രാഷ്ട്രീയത്തെ വര്‍ഗ്ഗീയ പ്രശ്നങ്ങളില്‍ തളച്ചിട്ട് വികസന ചര്‍ച്ചകളെ അന്യമാക്കുന്ന മുന്നണി രാഷ്ട്രീയം വിജയിക്കാന്‍ പാടില്ല. ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്ന കേരളത്തിലെ യുവജനങ്ങള്‍ക്ക് ഈ നാട്ടില്‍ തന്നെ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കിക്കൂടെ? സ്വന്തം കുടുംബത്തില്‍നിന്നും അകന്ന് ജീവിക്കാനായി ഒരു തൊഴിലിനുവേണ്ടി അന്യരാജ്യത്ത് അഭയം തേടുന്ന സാഹചര്യം ഒഴിവാക്കണ്ടേ?
വഞ്ചനയുടെ കേരള വികസന മാതൃക.
ഇടതുമുന്നണിയും കോണ്‍ഗ്രസും ഉയര്‍ത്തിക്കാണിക്കുന്ന കേരള വികസന മാതൃക അടിസ്ഥാനപരമായി എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ വികസനത്തിന്റെ പാതയില്‍ അണിനിരത്തിയില്ല. ദൈവത്തിന്റെ സ്വന്തം നാടാണെന്നും വികസനരംഗത്ത് ഒരു മാതൃകയാണെന്നും അവകാശപ്പെടുന്ന കേരളത്തില്‍ കാര്‍ഷിക മേഖലയിലോ, വ്യാവസായിക മേഖലയിലോ യാതൊരു വളര്‍ച്ചയും ഉണ്ടായില്ല. മാത്രമല്ല, പരമ്പരാഗത കാര്‍ഷികമേഖല പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. ചില സംഘടിത ജനവിഭാഗങ്ങള്‍ നേടിയ പുരോഗതി ചൂണ്ടിക്കാണിച്ച് വികസനത്തിന്റെ മേനി നടിക്കുകയാണ് രണ്ടു മുന്നണികളും. ഉപരിതലത്തില്‍ ഇന്ന് കേരളത്തില്‍ കാണുന്ന പുരോഗതി നാല്പതുലക്ഷം മലയാളികള്‍ പുറംനാട്ടില്‍ പോയി അദ്ധ്വാനിച്ച് അയയ്ക്കുന്ന “മണി ഓര്‍ഡറി”ന്റെ പിന്‍ബലത്തില്‍ നേടിയതാണ്. അതായത്, ഇടതു-വലതു മുന്നണി ഭരണത്തിന്റെ നയങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായ വികസനമല്ല, കേരളത്തില്‍ കാണുന്നത്. ദൈവം അനുഗ്രഹിച്ച നാട്ടില്‍ എന്തുകൊണ്ട് തൊഴില്‍ അവസരങ്ങള്‍ ഉണ്ടായില്ല? കാര്‍ഷിക മേഖലയുടെ നട്ടെല്ല് തകര്‍ത്തതും വ്യവസായ സംരംഭകരെ “ബൂര്‍ഷ്വാസി”കളായി കണ്ട് ആട്ടി ഓടിച്ചതും, ഐ.റ്റി ഉള്‍പ്പെടെയുള്ള രംഗത്തെ തൊഴില്‍ സാദ്ധ്യതകളെ നിരാകരിച്ചതും കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് നയങ്ങളാണ്.
സംഘടിത വിഭാഗങ്ങള്‍ ഇരുമുന്നണികളെയും നിയന്ത്രിച്ചപ്പോള്‍ അവശപിന്നോക്ക വിഭാഗങ്ങളും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളും അവഗണിക്കപ്പെട്ടു. ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കളാകാന്‍ പട്ടികജാതി വിഭാഗങ്ങളെ അനുവദിച്ചില്ല. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമി സംഘടിത സമൂഹങ്ങള്‍ കയ്യടക്കി. പട്ടികജാതി വികസനവകുപ്പിന്റെ ഭരണമല്ലാതെ മറ്റൊരു വകുപ്പിലും ഇടതു-വലതു മുന്നണികള്‍ പട്ടികജാതിക്കാരെ നിയോഗിക്കാറില്ല.
സംവരണമണ്ഡലത്തിലല്ലാതെ പൊതുമണ്ഡലത്തില്‍ മത്സരിക്കാന്‍ ഇരുമുന്നണികളും അനുവദിക്കാറില്ല. വിദേശനാണ്യ ഗുണഭോക്താക്കളില്‍ അവശവിഭാഗങ്ങള്‍ക്ക് കാര്യമായ പങ്കാളിത്തം ഉണ്ടായില്ല. സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന, ലക്ഷങ്ങള്‍ക്ക് ജോലി ലഭിക്കുന്ന എയ്ഡഡ് സ്കൂള്‍, കോളേജ് അദ്ധ്യാപക-അനദ്ധ്യാപക മേഖലയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗങ്ങള്‍ക്ക് യാതൊരു പങ്കാളിത്തവും ഇല്ല. പട്ടികജാതി കോളനികളിലെ വലിയൊരു ശതമാനം വീടുകള്‍ വാസയോഗ്യമല്ല. പതിനായിരക്കണക്കിന് വീടുകളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. ഒരുലക്ഷത്തി ഇരുപത്തിമൂവായിരം പട്ടികജാതി വീടുകള്‍ ഒരു മുറി മാത്രമുള്ള നാല്പതു ചതുരശ്രമീറ്ററില്‍ കുറവ് തറവിസ്ത്രീര്ണ്ണമുള്ളവയാണ്. ബഹുഭൂരിപക്ഷം പട്ടികജാതി വിഭാഗത്തിലെ കുട്ടികളും പത്താം ക്ലാസില്‍ വച്ച് പഠനം മതിയാക്കുന്നു. കൂടാതെ സംഘടിത തൊഴില്‍ മേഖലയില്‍ അവശജനവിഭാഗങ്ങളില്ല.
ഇടതു-വലതു മുന്നണികള്‍ ഉയര്‍ത്തിക്കാണിക്കുന്ന കേരള മോഡല്‍ വികസനം സംഘടിത ജനവിഭാഗങ്ങള്‍ക്കു മാത്രമാണ് ഗുണം ചെയ്തത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര വികസനം അത് ഉറപ്പാക്കിയില്ല. ബിജെപിയും ദേശീയ ജനാധിപത്യസഖ്യവും മുന്നില്‍ വയ്ക്കുന്ന വികസന പദ്ധതി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന ദര്‍ശനമാണ്. സമൂഹത്തിലെ ഏറ്റവും അസംഘടിതരും ദുര്‍ബലരുമായവരെയാണ് ആദ്യം ഉയര്‍ത്തേണ്ടത്. അതിനുള്ള കര്‍മ്മപദ്ധതിയാണ് ബിജെപി ആവിഷ്കരിച്ചിരിക്കുന്നത്.
കേരളത്തിന് അര്‍ഹമായ
പങ്കാളിത്തം ഉണ്ടാവണം
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമായി മാറി മാറി ഇടതു-വലതു മുന്നണികളെ സ്വീകരിക്കുന്ന രാഷ്ട്രീയമാണ് കേരളം സ്വീകരിച്ചിരിക്കുന്നത്. നിഷേധ വോട്ടാണ് കേരളത്തിന്റെ മുഖമുദ്ര. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിനും ഇടതുപക്ഷത്തിനെ തോല്പിക്കാന് വലതുപക്ഷത്തിനും വോട്ടു ചെയ്യുന്നു. ഈ രാഷ്ട്രീയ സാഹചര്യം മാറണമെങ്കില്‍ ജാതി-മത-വര്‍ഗ്ഗീയ പ്രീണനങ്ങള്‍ക്കപ്പുറം കേരളത്തിന്റെ വികസനം പ്രാപ്തമാക്കുന്ന ഒരു രാഷ്ട്രീയ സംസ്കാരം വിജയിക്കണം. അത്തരം ഒരു ഭാവാത്മക സമീപനം കാഴ്ചവയ്ക്കാന്‍ വികസന പദ്ധതികളും ഊര്‍ജ്ജസ്വലമായ നേതൃത്വവും പ്രദാനം ചെയ്യുന്ന ബിജെപിക്ക് മാത്രമേ കഴിയൂ. കേരളത്തില്‍ രണ്ടു മുന്നണികളിലായി മത്സരിക്കുന്ന ഇടതുപക്ഷവും, വലതുപക്ഷവും ദല്‍ഹിയില്‍ ബിജെപിക്കെതിരെ ഒന്നായാണ് പ്രവര്‍ത്തിക്കുന്നത്. 1996ലും 1997ലും 2004ലും കേരളത്തിലെ ഇരുമുന്നണികളും പിന്തുണച്ച സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസ് പിന്തുണച്ച ദേവഗൗഡ സര്‍ക്കാരിലും ഗുജ്റാള്‍ സര്‍ക്കാരിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 2004-ല്‍ യുപിഎ ഒന്നാം സര്‍ക്കാരിന് പിന്തുണ നല്കി ലോക്സഭാ സ്പീക്കര്‍ സ്ഥാനം സിപിഎം കയ്യടക്കി. 2009-ലെ യുപിഎ രണ്ടാം മന്ത്രിസഭയില്‍ കേരളത്തില്‍നിന്ന് ഏഴ് മന്ത്രിമാരാണ് ഉണ്ടായത്. എന്നിട്ടും കേരളത്തില്‍ അര്‍ഹമായ യാതൊന്നും കിട്ടിയില്ല.
എന്നാല്‍ കേരളചരിത്രത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണന ലഭിച്ചത് ആറുവര്‍ഷത്തെ വാജ്പേയ് സര്‍ക്കാരിന്റെ കാലത്താണ്. കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന ഒ.രാജഗോപാല്‍ വികസനത്തിന്റെ അംബാസഡര്‍ ആണെന്ന് ചില പ്രതിപക്ഷ നേതാക്കള്‍തന്നെ പറയുന്ന സാഹചര്യമുണ്ടായി. എന്‍ഡിഎ സര്‍ക്കാരിനുള്ള അംഗീകാരമായിരുന്നു 2004-ലെ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍നിന്നും ലക്ഷദ്വീപില്‍നിന്നും രണ്ടംഗങ്ങള്‍ ലോകസഭയിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ കേരളത്തിലെ യുഡിഎഫ്-എല്‍ഡിഎഫ് പിന്തുണച്ച ഒന്നാമത്തെയും രണ്ടാമത്തെയും യുപിഎ സര്‍ക്കാരുകള്‍ കേരളത്തിലുളളവരെ കൂടുതലായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെങ്കിലും കേരളീയ ജനതയെ അവഗണിച്ചു. എടുത്തുപറയത്തക്ക പദ്ധതികളൊന്നും ഉണ്ടായില്ല. മുമ്പേ ആരംഭംകുറിച്ച ചില പദ്ധതികള്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തികച്ചും നിരാശാജനകമായിരുന്നു യുപിഎ ഭരണം. ഈ അവസ്ഥ ഇനിയും തുടരാന്‍ പാടില്ല. കേരളത്തിന്റെ ശബ്ദം ശ്രദ്ധിക്കുന്ന കേന്ദ്രഭരണകൂടം ഉണ്ടാവണം. വികസനപാതയില്‍ മുന്നേറാന്‍ ഈ സംസ്ഥാനത്തിന് അത് അനിവാര്യവുമാണ്. കേരളത്തിന്റെ വികസനത്തിന് പുതിയൊരു രാഷ്ട്രീയ സംസ്കാരം ഉയര്‍ന്നുവരണം. ദേശീയോന്മുഖവും വികസന കേന്ദ്രീകൃതവുമായ ജനപക്ഷ രാഷ്ട്രീയ സംസ്കാരം ഉയരണം.
(തുടരും)
ഡോ.കെ.ജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: