ന്യൂദല്‍ഹി: ബംഗളുരു സ്ഫോടന കേസില്‍ അറസ്റ്റിലായ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്ക് ആരോഗ്യ നില മെച്ചപ്പെടുന്നത് വരെ ആശുപത്രിയില്‍ തുടരാമെന്ന് സുപ്രീം കോടതി. തത്ക്കാലം ജാമ്യം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ആരോഗ്യ പ്രശ്നം മാത്രമാണ് പരിഗണിച്ചതെന്നും അറിയിച്ചു. ജാമ്യാപേക്ഷ നാലാഴ്ചയ്ക്കു ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ റിപ്പോര്‍ട്ട് നല്കാന് കോടതി കര്‍ണാടക സര്‍ക്കാറിനാട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് ജെ.എസ് ചൗഹാന്, ജസ്റ്റിസ് ചമലേശ്വര് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ആശുപത്രിയില്‍ എട്ട് ആഴ്ച തുടരണമെന്നും നേത്ര ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് കര്‍ണാടക സര്‍ക്കാര്‍ ഹാജരാക്കിയ റിപ്പോര്‍ട്ടിലുള്ളത്.
നേരത്തെ മദനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന്, കഴിഞ്ഞ ദിവസം മദനിയെ ബംഗളുരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി, മദനിയെ ചികില്‍സയ്ക്കു ശേഷം ജയിലിലേക്ക് അയക്കാമോ എന്ന് മദനിയുടെ അഭിഭാഷകരോട് ആരാഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: