ന്യൂദല്‍ഹി: പത്തുവര്‍ഷത്തെ യുപിഎ ഭരണത്തിന് ശേഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലെ മത്സരരംഗത്തുനിന്നും ഒളിച്ചോടിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രചാരണത്തിനിറങ്ങാനും മടി. മന്ത്രിസഭയിലെ ഒന്നാമനും രണ്ടാമനും നാലാമനും പ്രചാരണത്തിനിറങ്ങാതെ ‘മുങ്ങി’ നടക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആസ്ഥാനത്തെ സംസാരം. ഇതോടെ ആരോഗ്യസ്ഥിതിയെയും അവഗണിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നയിക്കാന്‍ ഇറങ്ങേണ്ടി വന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ കേന്ദ്രീകരിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുകയാണ്.
പത്തുവര്‍ഷം രാജ്യം ഭരിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞ കുറേ ആഴ്ചകള്‍ക്കുള്ളില്‍ പങ്കെടുത്ത ഏക പരിപാടി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങിലാണ്. രാജ്യത്ത് ഒരിടത്തും പ്രധാനമന്ത്രിയെ പ്രചാരണത്തിനിറക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെയും നിലപാട്. ജനവികാരം എതിരായതിനാല്‍ മന്‍മോഹന്‍സിങ്ങിനെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്നുതന്നെ മാറ്റാനാണ് രാഹുല്‍ഗാന്ധിയുടെ ടീമിന്റെ തീരുമാനം.
മന്ത്രിസഭയിലെ രണ്ടാമനായ എ.കെ. ആന്റണി ആകട്ടെ കേരളത്തിലൊഴികെ മറ്റൊരിടത്തും പ്രചാരണത്തിന് പോകുന്നില്ല. ഏപ്രില്‍ 10ന് വരെ ആന്റണി കേരളത്തില്‍ മാത്രമാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും എ.കെ ആന്റണിക്ക് സ്വാധീനമില്ലാത്തതാണ് പ്രധാന പോരായ്മ. പ്രതിരോധ രംഗത്തെ പരാജയങ്ങള്‍ അടക്കമുള്ള ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ ആന്റണിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളിലെ മറുപടികള്‍ പോലും കേരളത്തില്‍ നിന്നു മാത്രമാണ് ആന്റണി നല്‍കുന്നത്.
കൃഷിമന്ത്രിക്കു പിന്നില്‍ മന്ത്രിസഭയിലെ നാലാമനായ ധനമന്ത്രി പി.ചിദംബരവും തമിഴ്നാടിന് പുറത്തേക്ക് പ്രചാരണത്തിനായി പോകുന്നില്ല. മകന് കാര്‍ത്തി മത്സരിക്കുന്ന ശിവഗംഗയിലേക്ക് പ്രചാരണ പരിപാടികള്‍ ഒതുക്കിനിര്ത്തിയിട്ടുണ്ട് ചിദംബരം. വയലാര്‍ രവി കേരളത്തിലും കേരളത്തിന് പുറത്തും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ എ.കെ ആന്റണിയും വയലാര്‍ രവിയുമടക്കമുള്ള മന്ത്രിസഭാംഗങ്ങള്‍ കേരളത്തില്‍ നിന്നു മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഇരുവരും മത്സര രംഗത്തേക്കില്ലെന്ന് പറഞ്ഞ് പിന്മാറിയിരുന്നു. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തീവാരി, പി. ചിദംബരം എന്നിവരെല്ലാം ഇത്തവണ മത്സര രംഗത്തുനിന്നും വിട്ടു നിന്നവരാണ്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: