ന്യൂദല്‍ഹി: ഗ്യാരന്റിത്തുക നല്‍കില്ലെന്ന പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ നിലപാടിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ നിന്നും 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ പ്രതിസന്ധിയിലായി. റാഫേലുമായുണ്ടാക്കിയ കരാറിനെപ്പറ്റി നിരവധി സംശയങ്ങള്‍ പലഘട്ടത്തില്‍ ഉയര്‍ന്നെങ്കിലും അന്തിമ കരാറിലേക്ക് എത്തിയ ശേഷം പ്രതിരോധമന്ത്രാലയവും ഫ്രഞ്ച് കമ്പനിയും തമ്മില്‍ ഗ്യാരന്റിത്തുകയില് തര്‍ക്കം ഉടലെടുത്തിരിക്കുന്നത് പ്രതിരോധമന്ത്രാലയത്തിന്റെ പിടിപ്പുകേടിന്റെ ഉദാഹരണമായി.
ഇതോടെ 2017ല്‍ വ്യോമസേനയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഇരട്ട എഞ്ചിനുള്ള റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന കാര്യത്തില്‍ സംശയം വര്‍ദ്ധിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്നതും നിരന്തരം അപകടങ്ങളില്പ്പെടുന്നതുമായ മിഗ്-21 വിമാനങ്ങളെ തന്നെ വീണ്ടും കൂടുതല്‍ കാലത്തേക്ക് ആശ്രയിക്കേണ്ട ഗതികേടിലേക്ക് പ്രതിരോധമന്ത്രിയുടെ നിലപാടുകള്‍ വ്യോമസേനയെ എത്തിച്ചിരിക്കുകയാണ്. സോവിയറ്റ് കാലഘട്ടത്തിലെ യുദ്ധവിമാനങ്ങളും ടാങ്കുകളും പൂര്‍ണ്ണമായും മാറ്റാനുള്ള ഇന്ത്യന്‍ സേനയുടെ തീരുമാനത്തിനും പുതിയ പ്രശ്നം തിരിച്ചടിയാണ്. 1500കോടി രൂപയുടെ കരാറാണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കായി പ്രതിരോധമന്ത്രാലയം തയ്യാറായിരുന്നത്.
ഇന്ത്യന്‍ വ്യോമസേനയുടെ നിരന്തര അഭ്യര്‍ത്ഥന പ്രകാരമാണ് പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം തീരുമാനിച്ചത്. യുകെ-ജര്‍മന്‍ തൈഫൂണ്‍,അമേരിക്കയുടെ എഫ്-16 ഫാല്ക്കോണ് തുടങ്ങിയ വിമാനങ്ങളെ മറികടന്നാണ് താരതമ്യേന വിലകുറഞ്ഞതും നിലവാരമുള്ളതുമായ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം കരാറിലേര്‍പ്പെട്ടത്. എന്നാല്‍ ഫ്രഞ്ച് കമ്പനിയായ ഡസല്‍ട്ട് ഏവിയേഷനുമായി അന്തിമ കരാര്‍ വന്നശേഷം ഗ്യാരന്റി തുക നല്‍കണമെന്ന ആവശ്യവുമായി റാഫേല്‍ കമ്പനി എത്തിയിരിക്കുകയാണ്. കരാറില്‍ വ്യക്തമായ നിലപാടു സ്വീകരിച്ച് മുന്നോട്ടുപോകാന്‍ സാധിക്കാത്തതാണ് പ്രതിരോധമന്ത്രാലയത്തിന്റെ കഴിവുകേടിന്റെ ഏറ്റവും വലിയ തെളിവെന്ന് പ്രതിരോധരംഗത്തെ വിദഗ്ധര്‍ പറയുന്നു.
റാഫേല്‍ യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികളുടെ ചിലവുള്പ്പെടെയുള്ള കാര്യങ്ങളിലും ഫ്രഞ്ച് കമ്പനിയും ഇന്ത്യയും തമ്മില്‍ ധാരണയിലെത്തിയിരുന്നില്ല. പ്രവര്‍ത്തന സജ്ജമായ 18 വിമാനങ്ങളാണ് ഫ്രഞ്ച് കമ്പനി ആദ്യം നല്‍കുക. മറ്റു 108 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് നിര്‍മ്മിക്കുക. ഫ്രഞ്ച് കമ്പനി ആദ്യഘട്ടത്തില്‍ നല്കുന്ന 18 വിമാനങ്ങളുടെ ഗ്യാരന്റിത്തുക പൂര്‍ണ്ണമായും കെട്ടിവയ്ക്കണമെന്ന നിബന്ധനയാണ് തര്‍ക്കത്തിന് കാരണം.
റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഡസല്‍ട്ട് ഏവിയേഷനുമായി അഗസ്ത വെസ്റ്റ് ലാന്റ് കമ്പനിക്ക് ബന്ധങ്ങളുണ്ടെന്ന വിവരം പുറത്തുവന്നതോടെ ഇന്ത്യന്‍ സര്‍ക്കാര്‍ കരാറില്‍ നിന്നും പിന്നോട്ട് പോകുമോയെന്ന സംശയമാണ് ഗ്യാരന്റിത്തുക കെട്ടിവയ്ക്കണമെന്ന നിര്‍ദ്ദേശത്തിന് പിന്നിലെന്നാണ് സൂചന. അഗസ്ത വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ കരാര്‍ ഇന്ത്യ റദ്ദാക്കിയതോടെ കെട്ടിവെച്ച ഗ്യാരന്റിത്തുക ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട നിലയിലാണ്. ഈ സാഹചര്യമാണ് റാഫേല്‍ വിമാനങ്ങള്‍ക്കായി കോടികളുടെ ഗ്യാരന്റിത്തുക നല്‍കുന്നതിനെ എ.കെ. ആന്റണി ഭയപ്പെടാന്‍ കാരണം.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: