കൊച്ചി: പശ്ചിമ കൊച്ചിയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനാകാതെ ഭരണാധികാരികള്‍ ഇരുട്ടില്‍ തപ്പുന്നു. തെരഞ്ഞെടുപ്പു പ്രചാരണവുമായി മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി ഉള്‍പ്പടെയുള്ള കടലോര പ്രദേശങ്ങളില്‍ പര്യടനം നടത്തുന്ന കെ.വി.തോമസും യുഡിഎഫ് നേതാക്കളും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറുന്നു. വെള്ളം പമ്പു ചെയ്യുന്ന മോട്ടോര്‍ കത്തിപ്പോയതിനാല്‍ പത്തുദിവസത്തിന് മുകളില്‍ തുടര്‍ച്ചയായി ഫോര്‍ട്ട്കൊച്ചിയില്‍ ജല വിതരണം മുടങ്ങിയിരുന്നു. പകരം മോട്ടോര്‍ സ്ഥാപിച്ച് പമ്പിങ് പുനരാരംഭിച്ചെങ്കിലും അത് വിജയിച്ചില്ല. പുതുതായി സ്ഥാപിച്ച മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂട് കൂടുന്നതിനാല്‍ പമ്പിങ് നിര്‍ത്തിവയ്ക്കേണ്ടി വരുന്നതാണ് ജലവിതരണം തടസ്സപ്പെടുത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി 25ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത ജലകേരളം-2014 പദ്ധതിയില്‍ പ്രഖ്യാപിച്ച ഒന്നും പശ്ചിമകൊച്ചിയെ സഹായിക്കുന്നല്ല. അത്യാധുനിക സംവിധാനത്തോടുകൂടിയ ശുദ്ധജല വിതരണമാണ് ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ ജലകേരളം പദ്ധതിക്കു കഴിഞ്ഞിട്ടില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഭരണാധികാരികള്‍ കടലോര പ്രദേശങ്ങളോട് കാണിക്കുന്ന അവഗണനയില്‍ മനംമടുത്തിരിക്കുകയാണ് ഇവിടുത്തെ സാധാരണക്കാര്‍. കഴിഞ്ഞ 35 വര്‍ഷമായി ഇവിടുത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന കെ.വി.തോമസിന് ഇവിടുത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് ജനങ്ങളുടെ പരാതി. കോടികളുടെ വികസനം കൊച്ചിയിലെത്തിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് യുഡിഎഫിന്റെയും കെ.വി.തോമസിന്റെയും വാദം. എന്നാല്‍ പശ്ചിമകോച്ചിയിലെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് സര്‍ക്കാരും എംപിയും എന്തുചെയ്തു എന്നതിന്റെ വിലയിരുത്തലായി ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിധിയെഴുതും എന്നാണ് ഇവിടുത്തെ തൊഴിലാളികള്‍ പറയുന്നത്. പശ്ചിമകൊച്ചിയില്‍ പൈപ്പുകളിലൂടെ എത്തുന്നത് ചെളിവെള്ളമാണ് എന്ന് പരക്കെ ആക്ഷേപമുണ്ട്. പെരുമാന്നൂരില്‍ നിന്നും കരുവേലിപ്പടി പംഫൗസിലേക്ക് നിലവിലുള്ള പൈപ്പുകള്‍ മാറ്റി പുതിയപൈപ്പുകള്‍ ഇടുന്നതിന്റെ രണ്ടാംഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. വാത്തുരുത്തി റയില്‍വെഗേറ്റ് മുതല്‍ തോപ്പുംപടി പഴയപാലം വരെ ഇട്ട പൈപ്പുകളില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നു. ജല അതോറിറ്റിയുടെ ഇത്തരം ഉദാസീനതയാണ് ഇവിടുത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ക്കു കാരണം എന്നും വിലയിരുത്തപ്പെടുന്നു.
എംപി ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ശാശ്വത പരിഹാരം കാണാന്‍ ആരും താത്പര്യം കാണിക്കാറില്ല എന്നാണ് നാട്ടുകാരുടെ പരാതി. ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, മുണ്ടംവേലി അടക്കം പല ഭാഗങ്ങളിലും ഇന്നുമുതല്‍ കുറച്ചു ദിവസം ജലവിതരണം മുടങ്ങും എന്നാണ് ജലഅതോറിറ്റിയുടെ അറിയിപ്പ്. കരുവേലിപ്പടി ജലസംഭരണി വൃത്തിയാക്കുന്ന ജോലി നടക്കുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം. എന്നല്‍ ഇവിടുത്തെ ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. വര്‍ഷങ്ങളായി തങ്ങള്‍ നേരിടുന്ന അവഗണനയുടെ തുടര്‍ച്ച മാത്രമാണ് ഇത് എന്നാണ് ഇവര്‍ പറയുന്നത്. കുടിവെള്ളവിതരണം മുടങ്ങിയപ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ട ജല അതോറിറ്റിയും ഭരണകൂടവും നഗരസഭയും നോക്കു കുത്തിയായി നല്ക്കുകയാണിവിടെ. കൊച്ചി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം ശുദ്ധമായ കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം തന്നെയായതിനാല്‍ തെരഞ്ഞെടുപ്പിനെ നേരിടമെങ്കില് ഇരുമുന്നണിയിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് ശരിക്കും വെള്ളം കുടിക്കേണ്ടിവരും എന്നാണ് ഫോര്ട്ടുകൊച്ചിയിലെയും മട്ടാംചേരിയിലെയും ജനങ്ങളുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: