കൊച്ചി: ഡ്യൂട്ടിക്കിടയില്‍ കയ്യേറ്റത്തിനിര യായതിനെത്തുടര്‍ന്നു ജോലി നഷ്ടപ്പെടുകയും പിന്നീടു ജോലിയില്‍ തിരികെ പ്രവേശിക്കുകയും ചെയ്ത ട്രാഫിക് വാര്ഡന് ടി.കെ. പത്മിനിയെ അമിതമായി ഉറക്ക ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. നഗ്നചിത്രം ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുമെന്ന കാമുകന്റെ ഭീഷണിയെത്തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി നെട്ടൂരിലെ വീട്ടില്‍ അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു പത്മിനിയെ മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവാഹവാഗ്ദാനം നല്കി ദീപു എന്നയാള്‍ തന്നെ പീഡിപ്പിച്ചതായി ആരോപിച്ച് വെള്ളിയാഴ്ച പത്മിനി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നു ഈ പരാതി ഡിസിപി നിശാന്തിനി പനങ്ങാട് പോലിസിന് കൈമാറി. ആത്മഹത്യക്ക് പിന്നിലുള്ള കാരണത്തെക്കുറിച്ച് പനങ്ങാട് പോലീസ് വിശദീകരിക്കുന്നതിങ്ങനെ.
കോട്ടയം സ്വദേശിയും പാലാരിവട്ടത്തെ ബാര്‍ ജീവനക്കാരനുമായ ദീപു (32) എന്നയാളുമായി പത്മിനി അടുപ്പത്തിലായിരുന്നു. പത്മിനിയുടെ മകളുടെ വിവാഹത്തിന് ശേഷം വിവാഹിതരാകാമെന്നായിരുന്നു ഇവര്‍ തമ്മിലുള്ള ധാരണ. പത്മിനിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായ ദീപുവിന്റെ കൈവശം ഇവരുടെ നിരവധി ചിത്രങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്ത് തന്റെ കൂട്ടുകാര്‍ക്കൊപ്പം പോയി താമസിക്കാന്‍ ദീപു ഇവരെ നിര്‍ബന്ധിച്ചു. കഴിഞ്ഞമാസം 14 നായിരുന്നു ഇത്. പിന്നീട് ദീപുവിനെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ദീപുവിന്റെ സുഹൃത്തുക്കള്‍ ചിത്രങ്ങള്‍ കാണിച്ച് പത്മിനിയെ ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ സൈറ്റുകളിലും യു ട്യൂബിലും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പനങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനു വഴിയാത്രക്കാരന് പത്മിനിയെ ആക്രമിച്ച സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പ്രതിയെ സംരക്ഷിക്കാന്‍ പോലിസ് ശ്രമിച്ചുവെന്ന പരാതിയില്‍ എഡിജിപി പത്മിനിയുടെ മൊഴി രേഖപ്പെടുത്തിരുന്നു. പിന്നീട് ജോലിയില്‍ നിന്നു പിരിച്ചുവിട്ട പത്മിനിയെ ദിവസങ്ങള്‍ക്കു മുമ്പാണ് തിരിച്ചെടുത്തത്. കേസിന്റെ കാര്യങ്ങള്‍ക്കെല്ലാം ദീപു തനിക്കൊപ്പം സഹകരിച്ചിരുന്നതായും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. നെട്ടൂരിലെ വീട്ടില്‍ പത്മിനിയും ദീപുവും നാളുകളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പോലീസ് പറയുന്നു. ഇതിലുള്ള എതിര്‍പ്പു മൂലം പത്മിനിയുടെ ഇളയ മകള്‍ കൊട്ടാരക്കരയിലെ ബന്ധുവിന്റെ വീട്ടിലാണത്രെ താമസം. പത്മിനിയുടെ മൂത്തമകള്‍ വിവാഹിതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: