തിരുവനന്തപുരം: സലിം രാജ് കേസ് കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് കെപിസിസിയുടെയും സര്‍ക്കാരിന്റെയും നിഗമനം. ഹൈക്കോടതി പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതെത്തുടര്‍ന്ന് പ്രതിസന്ധി പരിഹാരത്തിനായി നേതാക്കള്‍ നെട്ടോട്ടമോടുകയാണ്. ഉമ്മന്‍ ചാണ്ടി ഹൈക്കമാണ്ട് പ്രതിനിധികളായ അഹമ്മദ് പട്ടേലിനും മുകുള്‍ വാസ്നിക്കിനും വിശദീകരണം നല്കി. അതിനിടെ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരേയുള്ള പരാമര്‍ശങ്ങള്‍ നീക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മുന്ഗണ്മാന് സലിം രാജിന്റെ ഭൂമി തട്ടിപ്പില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കൊണ്ടുള്ള ഉത്തരവിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചത്.
സര്‍ക്കാര്‍ തന്നെ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമായിരുന്നു എന്നാണ് കെപിസിസിയുടെ പൊതു വിലയിരുത്തല്‍. സലിം രാജിനെ സര്‍ക്കാര്‍ രക്ഷിക്കുന്നുവെന്ന പ്രതീതി ജനങ്ങള്ക്കുണ്ടാക്കി. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിം രാജിന് ഓഫീസിലും ഔദ്യോഗിക വസതിയിലും വഴിവിട്ട സ്വാധീനമുണ്ടായെന്നും വിലയിരുത്തുന്നു. ഉമ്മന്‍ചാണ്ടിക്കെതിരായ നീക്കമായി പാര്‍ട്ടിക്കുള്ളില്‍ സലിം രാജ് പ്രശ്നവും ഹൈക്കോടതി പരാമര്‍ശവും വളരുകയാണ്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായിരുന്ന മേല്‍ക്കൈക്ക് ഹൈക്കോടതി പരാമര്‍ശം വന്നതോടെ മങ്ങലേറ്റിട്ടുണ്ടെന്നും കണക്കാക്കുന്നു.
കാര്യങ്ങള്‍ കൈവിട്ടു പോകുകയാണെന്ന് മനസ്സിലാക്കിയ ഉമ്മന്‍ചാണ്ടി ഇന്നലെ ഹൈക്കമാന്റുമായും ആശയവിനിമയം നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയ കാര്യസെക്രട്ടറി അഹമ്മദ് പട്ടേല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി മുകുള്‍വാസ്നിക് എന്നിവരുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. കോടതി തന്റെ ഭാഗം കേള്‍ക്കാതെയാണ് പരാമര്‍ശം നടത്തിയതെന്നും ഹൈക്കമാന്റ് പറയുന്ന ഏത് തീരുമാനവും അനുസരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം. കേസില്‍ തുടര്‍നിയമനടപടികളും ചര്‍ച്ചയായി.
ഇതിനിടെ, ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കികിട്ടാന്‍ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുകയാണ്. സര്‍ക്കാരിന് മുന്നില്‍ ഇനി രണ്ട് വഴികളാണുള്ളത്. സിംഗിള്‍ ബഞ്ചില്‍ തന്നെ റിവ്യൂ ഹര്‍ജിയോ, ഡിവിഷന് ബഞ്ചില്‍ അപ്പീലോ നല്‍കാം. ഇതില്‍ എന്ത് വേണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാത്ത സാഹചര്യത്തില്‍ പരിധിക്ക് പുറത്തുള്ള വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.
നേരത്തെ സോളാര്‍ കേസിലും മുഖ്യമന്ത്രിക്കെതിരെ ജസ്റ്റിസ് സതീശ്ചന്ദ്രന്റെ ബഞ്ചില്‍ നിന്ന് വിമര്‍ശനമുണ്ടായപ്പോള്‍ സര്‍ക്കാര്‍ പരാമര്‍ശം നീക്കാന്‍ റിവിഷന്‍ ഹര്‍ജി നല്‍കുകയും കോടതി ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ പരാമര്‍ശങ്ങളൊഴിവാക്കാന്‍ ഉത്തരവിട്ട അതേ ബഞ്ചിന് മുന്നിലാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കേണ്ടത്. അതല്ലെങ്കില്‍ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്യാതെ തന്നെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളൊഴിവാക്കാന്‍ ഡിവിഷന് ബഞ്ചിനെ സമീപിക്കാം. ഇതുമല്ലെങ്കില്‍ സലീംരാജും, റവന്യു ഉദ്യോഗസ്ഥരുമടക്കമുളള ആരോപണവിധേയര്‍ക്ക് സിബിഐ അന്വേഷണത്തിനുളള ഉത്തരവ് ഡിവിഷന് ബഞ്ചില്‍ ചോദ്യം ചെയ്യാം. സ്റ്റേ ലഭിച്ചാല്‍, സ്വാഭാവികമായും പരാമര്‍ശങ്ങള്‍ക്കും സ്റ്റേ കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: