കുണ്ടറ:ആണത്വവും അഭിമാനബോധവും ഉള്ളവര്‍ വളര്‍ന്ന് വന്നാല്‍ മാത്രമേ പ്രകൃതിക്കെതിരെയും സമൂഹത്തിനെതിരേയും നടക്കുന്ന ചൂഷണങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ കഴിയൂ എന്ന് സുഗതകുമാരി പറഞ്ഞു. കുണ്ടറയില്‍ വീര ശ്രീ വേലുത്തമ്പിദളവ സ്മാരകസേവാസമിതിയുടെ വേലുത്തമ്പിപുരസ്കാരം ഏറ്റുവാങ്ങി ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അവര്‍. നിര്‍ഭാഗ്യവശാല്‍ എന്തിനോടും മൗനം പുലര്‍ത്തുന്ന ഒരു സമൂഹം ആണ് നമുക്ക് കാണാന്‍ കഴിയുന്നത്. വീരന്മാരും ആത്മാഭിമാനം ഉള്ള ആണും പെണ്ണും വളര്‍ന്ന നാട്ടില്‍ അഴിമതിക്കെതിരെ പോരാടിയ വേലുത്തമ്പിയുടെ പ്രതിമ സെക്രട്ടേറിയറ്റ്നടയില്‍ സ്ഥാപിച്ചത് ഏറ്റവും വലിയ ത്യാഗം ചെയ്ത കേരളപുത്രന്റെ പാരമ്പര്യം മറന്ന് പോകാതിരിക്കാനാണെന്നും അവര്‍ പറഞ്ഞു.
വേലുത്തമ്പിയുടെ പ്രതിമക്ക് ഒരു ദിവസം എങ്കിലും ആത്മാവ് ലഭിച്ചാല്‍ സെക്രട്ടറിയേറ്റ് ശുദ്ധിയാക്കി വെളുപ്പിച്ചെടുക്കും എന്ന് ചടങ്ങില്‍ പുരസ്കാര സമര്‍പ്പണം നടത്തിയ മുല്ലക്കര രത്നാകരന് പറഞ്ഞു. അധികാരത്തില്‍ ഇരുന്നുള്ള അഴിമതി വലിയ കുറ്റം ആണ്. രാഷ്ട്രീയാധികാരം അഴിമതിയോട് സന്ധിചെയ്യുമ്പോള്‍ അതിനെതിരെ പോരാടാന്‍ മനസില്‍ വേലുത്തമ്പിയുടെ വാള് പ്രതിഷ്ഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മളെ അറിയാത്ത എന്നാല്‍ വിദേശീയരെ അറിയുന്ന യുവതലമുറയുടെ എണ്ണം കൂടിവരുന്നു. കച്ചവടതാല്പര്യത്തിന് വേണ്ടി ചിലര്‍ വെള്ളം ചേര്‍ത്ത നമ്മുടെ ശാസ്ത്രങ്ങളെ തിരികെ കൊണ്ട് വരാന്‍ നമുക്ക് കഴിയണം. ആയുര്‍വേദം പോലും ശുദ്ധീകരിക്കുന്നത് ജര്മ്മനിയിലായിക്കഴിഞ്ഞു. അത്രക്ക് പ്രകൃതിയെ സ്നേഹിക്കാന്‍ അവര്‍ പഠിച്ചപ്പോള്‍ നമ്മള് പ്രകൃതിയില്‍ നിന്ന് മാറിനില്ക്കുന്നു. അമ്മമാരുടെ മൗനം മനസിലാക്കാത്ത തലമുറക്ക് പ്രകൃതിയെ സ്നേഹിക്കാന്‍ കഴിയാത്തതിന് അത്ഭുതമില്ലെന്നും മുല്ലക്കര രത്നാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: