ആറന്മുള: ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ആറന്മുള ഹെറിറ്റേജ് വില്ലേജ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ഇലവുംതിട്ട ശ്രീബുദ്ധ വിമണ്‍സ് എഞ്ചിനിയറിംഗ് കോളജിന്റെ സഹകരണത്തോടെ ആറന്മുളയിലെ ഒരേക്കറോളം വരുന്ന പുഞ്ചയില്‍ ജൈവകൃഷിയ്ക്ക് തുടക്കമിട്ടു. കോളജിലെ നൂറോളം വരുന്ന സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനികളാണ് പദ്ധതിയ്ക്കു പിന്നില്‍. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പുഞ്ചയില്‍ ആദ്യ വിത്തിട്ട് കൃഷിയ്ക്ക് തുടക്കമിട്ടു.
ആറന്മുളയിലെ തറയില്‍ മുക്കിന് സമീപമുള്ള പുഞ്ചയിലാണ് ജൈവകൃഷി നടത്തുന്നുത്. പുഞ്ചയില്‍ മണ്ണിട്ടു നികത്തിയതുകൊണ്ട് വെള്ളക്കെട്ട് നിലനില്‍ക്കുന്നതിനാല്‍ കുറച്ചു കാലങ്ങളായി കൃഷിയൊന്നുമില്ലാതെ കിടന്ന പുഞ്ചയില്‍ വെള്ളരി, വെണ്ടയ്ക്ക, പാവല്‍, കുറ്റിപ്പയറ്, ചീര തുടങ്ങിയ കൃഷികള്‍ ജൈവ രീതിയില്‍ നടത്തുന്നത്.
കോളജിലെ അദ്ധ്യാപകരായ പ്രശാന്ത്, അനീഷ്, ടീന, നീതു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് നിലമൊരുക്കിയതും പാടം കൃഷിയോഗ്യമാക്കിയതും. ശ്രീബുദ്ധ കോളജിലെ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ട സാമൂഹ്യ സേവനത്തിന്റെ ഭാഗമായാണ് ജൈവകൃഷി തുടങ്ങിവെച്ചത്. കേരള ജൈവകൃഷി സമിതി പ്രവര്‍ത്തകരായ ബാബു ജോണ്‍, ഇല്യാസ് കെ.പി. തുടങ്ങിയവരുടെ വിദഗ്ദ ഉപദേശത്തിന്റെയും ആറന്മുളയിലെ കര്‍ഷകരായ ഉത്തമന് കുറുന്താര്‍, അഭിലാഷ് എന്നിവരുടെ സഹകരണത്തോടും കൂടിയാണ് കൃഷിയ്ക്ക് തുടക്കമിട്ടത്. ആറന്മുളയിലെ മുഴുവന്‍ പാടശേഖരങ്ങളിലും കൃഷി ആരംഭിക്കുന്നതിന്റെ പ്രാഥമിക നടപടി എന്ന നിലയ്ക്കാണ് തറയില്‍മുക്കിനു സമീപമുള്ള പുഞ്ചയില്‍ ജൈവകൃഷി ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: