തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം തുടങ്ങി. സംസ്ഥാനത്തെ 54 കേന്ദ്രീകൃത ക്യാമ്പുകളിലാണ് 4,64,310 വിദ്യാര്‍ഥികള്‍ എഴുതിയ എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം നടക്കുന്നത്. 12,000 അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിരിക്കുന്നത്. ഏപ്രില്‍ 12ന് മൂല്യനിര്‍ണയം പൂര്‍ത്തിയാവും.
ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, കണക്ക്, ബയോളജി വിഷയങ്ങള്‍ക്ക് ഓരോ സോണിലും രണ്ടുവീതം ക്യാംപുകള്‍ സജ്ജമാണ്. മറ്റു വിഷയങ്ങള്‍ക്ക് ഓരോ ക്യാമ്പ് വീതമാണുള്ളത്. അറബി, ഉറുദു, സംസ്കൃതം ഭാഷാ വിഷയങ്ങള്‍ക്ക് രണ്ട് പ്രത്യേക ക്യാംപുകളുണ്ട്. തെരഞ്ഞെടുപ്പ് കാരണം ഏപ്രില്‍ ഒമ്പതുമുതല്‍ 11വരെ ക്യാംപിന് അവധിയാണ്. പരീക്ഷാ ദൈര്‍ഘ്യമനുസരിച്ചാണ് അധ്യാപകര്‍ ഒരുദിവസം മൂല്യനിര്‍ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണവും പ്രതിഫലവും നിശ്ചയിച്ചിരിക്കുന്നത്. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുടെ 64 പേപ്പറുകളാണ് ഒരുദിവസം അധ്യാപകന് മൂല്യനിര്‍ണയം നടത്തേണ്ടത്.
ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുടെ 36 ഉം രണ്ടരമണിക്കൂര്‍ ദൈര്ഘ്യമുള്ളതിന്റെ 24 ഉം പേപ്പറുകളാണ് പ്രതിദിനം മൂല്യനിര്‍ണയം നടത്തേണ്ടത്. മൂല്യനിര്‍ണയത്തിന് മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് 27ന് പൂര്‍ത്തിയായി. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24നായിരുന്നു എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ലഭിക്കുന്ന മാര്‍ക്കുകള്‍ അന്ന് തന്നെ ക്യാംപുകളില്‍നിന്ന് പരീക്ഷാഭവന്റെ സെര്‍വറിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ജില്ലയില്‍ നാലുവീതമെന്ന രൂപത്തില്‍ സംസ്ഥാനത്താകെ 56 മൂല്യനിര്‍ണയ ക്യാംപുകളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. 16,000 അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിനായി നിശ്ചയിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: