ആലപ്പുഴ: യഥാസമയം കൂലി നല്‍കാതെ ദേശിയ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അട്ടിമറിച്ചു. സംസ്ഥാനത്ത് ഏതാണ്ട് 500 കോടിയോളം രൂപയാണ് തൊഴിലാളികള്‍ക്ക് കൂലി കുടിശികയുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം മുടങ്ങിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ ഒളിച്ചുകളി തുടരുകയാണ്. കൂലിയുടെ 20 ശതമാനം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. മൂന്ന് മാസത്തോളമായി കൂലി നല്കാതായിട്ടും സംസ്ഥാനത്തിന്റെ വിഹിതമെങ്കിലും അനുവദിച്ച് തൊഴിലാളികള്‍ക്ക് താല്‍ക്കാലികാശ്വാസം പോലും നല്കാന് യാതൊരു നടപടിയുമില്ല.
പ്രതിഷേധം വ്യാപകമാകുകയും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് കണ്ട സര്‍ക്കാര്‍ ഇപ്പോള്‍ ചെപ്പടി വിദ്യകളുമായി രംഗത്തെത്തിയിരിക്കുകയാണ്. മാര്‍ച്ച് 15 വരെയുള്ള കൂലി നല്കാന് നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലെടുത്താല്‍ കൂലി രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന നിയമമുള്ളപ്പോഴാണ് മൂന്ന് മാസത്തോളമായി കുടിശികയുള്ളത്.
തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഗ്രാന്റ് തിരിച്ചുപിടിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ തിരിച്ചുപിടിക്കുന്ന മെയിന്റനന്‍സ് ഗ്രാന്റ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍പ്പെട്ട തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തന്നെ കൂലിയായി നല്‍കുമെന്ന് യാതൊരു ഉറപ്പുമില്ല.
സംസ്ഥാനത്ത് 28,13,736 കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പകുതിയോളം കുടുംബങ്ങള്‍ക്ക് മാത്രമാണ് ഏതാനും ദിവസങ്ങളെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷം തൊഴില്‍ ലഭിച്ചിട്ടുള്ളത്. 100 ദിവസവും തൊഴില്‍ ലഭിച്ചത് മൂന്ന് ലക്ഷത്തില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ്. സംസ്ഥാനത്തെ ശരാശരി തൊഴില്‍ദിനങ്ങള്‍ 38 ആണ്.
സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിയായി കൊട്ടിഘോഷിക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലും കൂലി നല്‍കുന്നതിലും ഗുരുതരമായ വീഴ്ച വരുത്തിയെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. തൊഴിലാളികള്‍ക്ക് കൂലി കുടിശിക ഏറ്റവും കൂടുതലുള്ള പ്രമുഖ സംസ്ഥാനങ്ങള്‍ ബംഗാളും കേരളവുമാണ്. ഏറ്റവും കുറവ് ഗുജറാത്തും തമിഴ്നാടുമാണെന്നതും ശ്രദ്ധേയമാണ്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: