തിരുവനന്തപുരം: ഹാരിസണ്‍ മലയാളം കൈവശം വച്ചിരിക്കുന്ന 7040.51 ഏക്കര്‍ ഭൂമി അനധികൃതമല്ലെന്ന് തെളിയിക്കണമെന്ന് ചൂണ്ടികാട്ടി സര്‍ക്കാര്‍ നോട്ടീസ് അയച്ചു. സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യമാണ് കേരള ലാന്റ് കണ്‍സര്‍വന്‍സി നിയമപ്രകാരം നോട്ടീസ് നല്‍കിയത്. അനധികൃത ഭൂമി ഒഴിപ്പിക്കുന്നതിന് വേണ്ട നടപടിക്രമങ്ങളിലേക്ക് കടക്കുന്നതിനുമുമ്പായി ആക്ഷേപമുണ്ടെങ്കില്‍ ഹാജരാക്കാന്‍ ഏപ്രില്‍ 26 വരെ സമയം നല്‍കിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ പീരുമേട് (716 ഏക്കര്‍), കുമളി (1892.3), പെരിയാര്‍ (3280.30), പൂപ്പാറ വില്ലേജിലെ (1151.85) എന്നീ വില്ലജുകളിലെ ഭൂമിയാണ് അനധികൃതമെന്ന് കണ്ടെത്തിയത്. കേരള ലാന്റ് കണ്‍സര്‍വന്‍സി പ്രകാരം ഭൂമി അനധികൃതമെന്ന് കണ്ടെത്തി സ്പെഷ്യല്‍ ഓഫീസര്‍ നോട്ടീസ് നല്കിയാല് നിശ്ചിത കാലാവധിക്കുള്ളില്‍ എതിര്‍കക്ഷി തങ്ങളുടെ വശം സാധൂകരിക്കുന്ന രേഖകള്‍ ഹാജരാക്കണം. ഇതുണ്ടായില്ലെങ്കില്‍ ഭൂമി ഒഴിപ്പിക്കാന്‍ നോട്ടീസ് നല്കി നടപടിക്രമങ്ങളിലേക്ക് നീങ്ങാനാവും. രേഖകള്‍ ഹാജരാക്കിയാല്‍ എതിര്‍കക്ഷിയുടെ വാദം കേള്‍ക്കും. ഇത് തൃപ്തികരമല്ലെങ്കിലും നടപടികളിലേക്ക് നീങ്ങും.
ഹാരിസണ്‍ മലയാളത്തിന്റേ കൈവശമുള്ള ഭൂമി ഒഴിപ്പിക്കാന്‍ സ്പെഷ്യല്‍ കമ്മീഷണര്‍ നല്കുന്ന മൂന്നാമത്തെ നോട്ടീസാണിത്. കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ 18000 ഏക്കര്‍ ഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസാണ് ആദ്യം നല്‍കിയത്. പത്തനംതിട്ട കോന്നിയിലെ 1802 ഏക്കര്‍ ഒഴിപ്പിക്കാതിരിക്കാനായിരുന്നു രണ്ടാമത്തെ നോട്ടീസ്. ഇതുസംബന്ധിച്ച് ഹാരിസണ്‍ മലയാളത്തിന്റെ വാദം കേള്‍ക്കുന്നത് തെരഞ്ഞെടുപ്പ് കഴിയുന്നുതുവരെ മാറ്റിവച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് 58, 363 ഏക്കര്‍ ഭൂമി ഹാരിസണ്‍ മലയാളത്തിന്റെ കൈവശം അനധികൃതമായുണ്ടെന്നാണ് റവന്യൂ വിഭാഗം കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഒരു ലക്ഷത്തോളം ഏക്കര്‍ ഭൂമി എട്ട് ജില്ലകളിലായി ഹാരിസണ്‍ മലയാളം കയ്യേറിട്ടുണ്ടെന്നാണ് ആക്ഷേപം.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: