മലപ്പുറം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശം മാറ്റാനുള്ള നടപടിയെകുറിച്ച് ആലോചിക്കുമെന്ന് ആഭ്യന്തരമന്ത്രി ചെന്നിത്തല. മലപ്പുറം പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധിയുടെ പകര്‍പ്പ് കിട്ടി. സര്‍ക്കാറിത് പരിശോധിച്ചുവരികയാണ്. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം പരാമര്‍ശം മാറ്റാനുള്ള നടപടിയെക്കുറിച്ച് ആലോചിക്കും. എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കേണ്ട ആവശ്യമില്ല. സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സിബിഐ അന്വേഷണം തന്നെയാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. കോടതി വിധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രിസഭയില്‍ മാറ്റം വരുത്താനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ട്. ഇതെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോള്‍ ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായം പറയും. സര്‍ക്കാര്‍ വിരുദ്ധ വികാരം ഇപ്പോഴില്ല. ഇപ്പോഴുള്ളത് സിപിഎം വിരുദ്ധ വികാരമാണ്. യുഡിഎഫിനകത്ത് തര്‍ക്കങ്ങളില്ല. ആരെങ്കിലും ഒരു പോസ്റ്റര്‍ പതിച്ചാല്‍ യുഡിഎഫിനകത്ത് അസ്വാരസ്യങ്ങളുണ്ടാകില്ല. ഒരു ചക്കവീണ് മുയല് ചത്താല്‍ എല്ലായിപ്പോഴും അതുണ്ടാകില്ലെന്നും പൊന്നാനിയിലെ എല്‍ഡിഎഫ് സ്വതന്ത്രന്റെ വിജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് നഹ, സെക്രട്ടറി സിദ്ദീഖ് പെരിന്തല്‍മണ്ണ, അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: