തിരുവനന്തപുരം: സര്‍ക്കാര്‍ മദ്യനയം പുതുക്കാത്തതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ ബാര്‍ഹോട്ടലുകള്‍ അടയ്ക്കും. വര്‍ഷാവര്‍ഷം പുതുക്കുന്ന മദ്യ നയത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ഷവും മാര്‍ച്ച് 31നുള്ളില്‍ ബാര്‍ഹോട്ടലുകള്‍ ലൈസന്‍സുകള്‍ പുതുക്കി വാങ്ങുകയാണ് പതിവ്. എന്നാല്‍ ഇത്തവണ സര്‍ക്കാരിന് മദ്യനയം പുതുക്കാന്‍ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഏപ്രില്‍ പത്തിനുശേഷം മാത്രമേ പുതിയ നയം പുറത്തുവരികയുള്ളു. ലൈസന്‍സ് അതിനുശേഷമേ പുതുക്കാന്‍ കഴിയൂ എന്നതിനാല്‍ ഏപ്രില്‍ പത്തുവരെ ബാര്‍ഹോട്ടലുകള്‍ അടച്ചിടേണ്ടിവരും. ലൈസന്‍സ് പുതുക്കാതെ ഏപ്രില്‍ ഒന്ന് മുതല്‍ ഒരു ഹോട്ടലിനും ബാറിലൂടെ മദ്യം വില്‍ക്കാനോ വിളമ്പാനോ കഴിയില്ല. സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാരിനെയും ഇത് കാര്യമായി ബാധിക്കും.
പാര്‍ട്ടി തലത്തില്‍ ചര്‍ച്ച നടത്തിയ ശേഷം മദ്യനയം പുതുക്കിയാല്‍ മതിയെന്നാണ് കെപിസിസിയുടെ കര്‍ശന നിര്‍ദേശം. അതിനാലാണ് മദ്യനയം പുതുക്കല്‍ വൈകിയത്. ഇതുമൂലം കഴിഞ്ഞ മന്ത്രിസഭായോഗം വിഷയം പരിഗണിക്കാതെ മാറ്റിവച്ചു. എന്നാല്‍, ലൈസന്‍സ് പുതുക്കി നല്കാന് സര്‍ക്കാറിന് മേല്‍ കടുത്ത സമ്മര്‍ദ്ദവുമായി ബാര്‍ ഉടമകള്‍ രംഗത്തുണ്ട്. നിലവാരം കുറഞ്ഞ സംസ്ഥാനത്തെ 417 ബാറുകള്‍ പൂട്ടാനുള്ള നിര്‍ദേശം സര്‍ക്കാര്‍ നേരത്തേ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ഇതുവരെ നടപ്പായിട്ടില്ല. നിലവാരമില്ലാത്ത ബാറുകളോട് കാട്ടിയ മൃദുസമീപനമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മറ്റൊരു കാരണം. നിലവിലുള്ള നയത്തില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണ്ടി വരും. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി തലത്തില്‍ ചര്‍ച്ച കൂടാതെ ഇക്കാര്യത്തില്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് വകുപ്പ് മന്ത്രി കെ.ബാബുവിനെ നേരത്തെ അറിയിച്ചത്.
നിലവാരമില്ലാത്ത ബാറുകളുടെ കാര്യത്തില്‍ എന്തുതീരുമാനം വേണമെന്നതാണ് ഇക്കൊല്ലം നയം പുതുക്കുമ്പോള്‍ എടുക്കേണ്ട സുപ്രധാന തീരുമാനം. നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരായ നടപടി വൈകിക്കാനോ പിന്‍വലിക്കാനോ തീരുമാനം നീട്ടികൊണ്ട് പോയതാണെന്ന ആക്ഷേപവുമുണ്ട്. 417 ബാറുകളില്‍ പലതും ഉന്നത രാഷ്ട്രീയബന്ധമുള്ളവരുടേതുമാണ്. വകുപ്പു മന്ത്രിക്കടക്കം ഇതില്‍ പ്രത്യേക താല്പര്യമാണുള്ളത്.
ബാറുകളുടെ ലൈസന്‍സ് പുതുക്കാത്തതും ബാറുകള്‍ അടച്ചിടുന്നതും സര്‍ക്കാരിനെയും ബാധിക്കും. സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാരിന്റെ വരുമാനത്തില്‍ വലിയ കുറവുവരുത്തും. 750ഓളം ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിലൂടെ ലഭിക്കുമായിരുന്ന 200 കോടിയോളം രൂപയും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. പത്തു ദിവസത്തോളം മദ്യവില്പന ഇല്ലാതാകുമ്പോള്‍ നികുതി വരുമാനത്തിലും കുറവുവരും. ബാറുകള്‍ അടച്ചിടേണ്ടി വരുന്നത് തിരഞ്ഞെടുപ്പ് കാലത്ത് വ്യാജമദ്യം ഒഴുകാന്‍ ഇടയാക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: