കോട്ടയം: അയല്‍രാജ്യങ്ങളുമായുള്ള ബന്ധം നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് വര്‍ദ്ധിച്ചു വരുന്നതായി ദേശീയസുരക്ഷാ സമിതി മുന്‍ അംഗവും ചെന്നൈ സെന്റര്‍ ഫോര്‍ ഏഷ്യാ സ്റ്റഡീസിന്റെ അദ്ധ്യക്ഷനുമായ പ്രൊഫ. സൂര്യനാരായണന്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ശാക്തീകരിക്കുകയെന്നത് വലിയ വെല്ലുവിളിയായിരിക്കും. ദക്ഷിണേഷ്യന്‍ മേഖലയില്‍ പുതിയ നയന്ത്രത്തിന്റെ സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് എം.ജി സര്‍വ്വകലാശാലയിലെ കെപിഎസ് മേനോന് ചെയര്‍ സംഘടിപ്പിച്ച സെമിനാറില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അയല്‍രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലെ സമീപനം രാജ്യത്തിനകത്തും ചലനങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യ-പാക്കിസ്ഥാന് ബന്ധത്തിലെ സമീപനം ഗുജറാത്തിലും പഞ്ചാബിലും ജമ്മുകാശ്മീരിലും സ്വാധീനം ചെലുത്തും. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് വിദേശനയം രൂപീകരിക്കുന്നതും പ്രയോഗത്തില്‍ വരുത്തുന്നതും വെല്ലുവിളികളാവുന്നു. പക്ഷേ ആഭ്യന്തര പ്രതികരണങ്ങളെ അവഗണിച്ച് ഏകകക്ഷി ഭരണകാലത്ത്, തീരുമാനങ്ങളെടുത്തിരുന്നു. നെഹ്റു പശ്ചിമബംഗാളിന്റെ താല്പര്യം അവഗണിച്ച് ബംഗ്ലാദേശിന് അനുകൂലമായും തമിഴ്നാടിന്റെ പ്രതികരണങ്ങള്‍ കണക്കിലെടുക്കാതെ ശ്രീലങ്കയോടുള്ള സമീപനം സ്വീകരിച്ചതും സൂര്യനാരായണന് ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്നണി ഭരണകാലത്ത് പ്രാദേശിക പാര്‍ട്ടികള്‍ കേന്ദ്രത്തില്‍ സര്‍ക്കാരിന്റെ ഭാഗമായതിനെതുടര്ന്ന് ദേശീയവിദേശനയത്തില് മൃദുസമീപനം ഉണ്ടായി. അംബാസിഡര്‍ കെ.പി. ഫാബിയാന്‍ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചു. ഡോ. രാജു താടിക്കാരന് സ്വാഗതവും ജോസ്ലിന് ജോസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: