തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്ഗണ്മാന് സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ തിരിച്ചടിയായി. പ്രതിപക്ഷം സര്‍ക്കാരിനെതിരായ പ്രചരണായുധമായി കോടതി പരാമര്‍ശം ഉപയോഗിക്കും. ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു.
സോളാര്‍ കേസില്‍ പിടിച്ചു നിന്ന മുഖ്യമന്ത്രിക്ക് സലിംരാജ് കേസില്‍ പിടിച്ചു നില്ക്കാന് ബുദ്ധിമുട്ടാകും. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്ക് പുറത്തേക്കുള്ള വഴിയാണ്ഒരുങ്ങുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ക്രിമിനലുകള്‍ നിറഞ്ഞതിന് ഉമ്മന്‍ചാണ്ടി ജനങ്ങളോട് മറുപടി പറയണമെന്നാണ് ഭൂമിതട്ടിപ്പ് കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള വിധിയില്‍ ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ കേന്ദ്രമായി മാറുന്നത് പലതവണ വ്യത്യസ്തകേസുകളില്‍ ഹൈക്കോടതിയുടെ മുന്നില്‍ വന്നിട്ടുള്ളതും കോടതി പരാമര്‍ശിച്ചു. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് വെളിച്ചത്തുവന്നതോടെയാണ് പേഴ്സണല്‍ സ്റ്റാഫില്‍ പെട്ടവരുടെ വഴിവിട്ട ഇടപാടുകളും പുറത്തായത്. പ്രധാനപ്രതി സരിതയുമായി മുഖ്യമന്ത്രിയോട് ഏറ്റവും അടുത്തു നില്ക്കുന്ന ഓഫീസിലെ മൂന്നുപേര്‍ക്ക് ബന്ധമുണ്ടെന്ന് തെളിവുകള്‍ സഹിതമാണ് വാര്‍ത്തകള്‍ വന്നത്. സരിതയുടെ വഴിവിട്ട ഇടപാടുകള്‍ക്ക് കൂട്ടു നിന്നത് ഇവരായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സ്വാധീനമുപയോഗിച്ച് സരിത പലരില്‍ നിന്നും സോളാര്‍ പദ്ധതിയുടെ പേരില്‍ പണം വാങ്ങി. ഗണ്‍മാനായിരുന്ന സലിംരാജിനെയും പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ജോപ്പനെയും ജിക്കുമോനെയും മുഖ്യമന്ത്രിക്ക് പുറത്താക്കേണ്ടി വന്നു.
സരിത നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടവരുടെ കൂട്ടത്തില്‍ സലിംരാജുമുണ്ടായിരുന്നു. സലിംരാജ് സരിതയെ തിരികെയും വിളിച്ചു. തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ഓരോന്നായി വെളിച്ചത്തു വന്നു. മുഖ്യമന്ത്രിയിലും പോലീസിലും ഇയാള്‍ക്കുണ്ടായിരുന്ന സ്വാധീനം അറിയാവുന്നവര്‍ ഭയന്ന് പുറത്തു പറയാതിരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പം സലിംരാജിനായിരുന്നു. ഗണ്‍മാനും മുഖ്യമന്ത്രിയും ഒരേ മൊബെയില്‍ ഫോണാണ് ഉപയോഗിച്ചിരുന്നത്. മുഖ്യമന്ത്രിയുമായുള്ള അടുപ്പം ഉപയോഗിച്ച് സലീംരാജ് വഴിവിട്ട പല ഇടപാടുകളും നടത്തി. ഭൂമി തട്ടിപ്പ് മാഫിയയുടെ നേതാവായി ഇയാള്‍ വളര്‍ന്നതും മുഖ്യമന്ത്രിയുമായുള്ള അടുപ്പം ഉപയോഗിച്ചാണ്. ഉന്നത പോലീസ്, റവന്യു ഉദോഗസ്ഥരെ നിയന്ത്രിച്ചിരുന്നത് ഗണ്‍മാനാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പല ഇടപാടുകളും ഇയാള്‍ക്കറിയാമായിരുന്നു. അതിനാലാണ് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് തന്നെ സലീംരാജിനെ രക്ഷിക്കാന്‍ എത്തിയത്. ഭൂമി തട്ടിപ്പിനിരയായവര്‍ കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാര്‍ ഇരകളുടെ പക്ഷത്ത് നില്‍ക്കാതെ പ്രതിയെ സഹായിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ കേന്ദ്രമായി മാറുന്നത് ഞെട്ടിക്കുന്നതാണെന്നാണ് കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഉന്നതരെ സ്വാധീനിച്ചാണ് സലീംരാജ് ഭൂമി തട്ടിപ്പ് നടത്തിയത്. കോടികള്‍ വിലവരുന്ന ഭൂമിയാണ് വ്യാജരേഖകളുണ്ടാക്കി സ്വന്തമാക്കിയത്. സലിംരാജ് പ്രതിയായെങ്കിലും ഇതിനുപിന്നില്‍ ഉന്നതരുണ്ടാകാമെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. രാഷ്ട്രീയക്കാരിലേക്കും ഉന്നത ഉദ്യോഗസ്ഥരിലേക്കുമാണ് അത് വിരല്‍ചൂണ്ടുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെ കോടതി വിമര്‍ശിച്ചത് സര്‍ക്കാരിനാകെയുള്ള വിമര്‍ശനമാണ്. തെരഞ്ഞെടുപ്പില്‍ അത് പ്രതിപക്ഷത്തിന്റെ വലിയ പ്രചരണായുധമാകുമ്പോള് ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും പിടിച്ചു നില്ക്കാന് കൂടുതല്‍ പ്രയത്നിക്കേണ്ടിവരും. പ്രതിപക്ഷത്തിനൊപ്പം കോണ്ഗ്രസ്സിനുള്ളിലെയും യുഡിഎഫിലെയും ഉമ്മന്‍ചാണ്ടി വിരുദ്ധരും ചാകര കിട്ടിയ സന്തോഷത്തിലാണ്. ഉമ്മന്‍ചാണ്ടിയെ അടിക്കാന്‍ ഹൈക്കോടതി നല്കിയ വടി പരമാവധി പ്രയോജനപ്പെടുത്താന്‍ അവരും കഴിയാവുന്നതെല്ലാം ചെയ്യും.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: