തിരുവനന്തപുരം: വ്യാജ തണ്ടപ്പേരും വ്യാജ രേഖകളുമുണ്ടാക്കി മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരിക്കെ സലിംരാജ് തട്ടിച്ചത് കോടികള്‍ വിലവരുന്ന 50 ഏക്കറോളം ഭൂമി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന സലിംരാജ് മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉന്നത പോലീസ്-ഉദ്യോഗസ്ഥ ബന്ധത്തെയും ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടത്തിയത്. തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന ഗുണ്ടാ-മാഫിയ ബന്ധവും സലീംരാജിനുണ്ടായിരുന്നു. ഭയം കാരണം ആരും പുറത്തു പറയാതിരുന്ന തട്ടിപ്പുകളാണ് സോളാര്‍ കേസ് പുറത്തു വന്നതോടെ വെളിച്ചത്തായത്. സോളാര്‍ കേസിലെ പ്രതി സരിതയുമായുള്ള ബന്ധത്തെ തുടര്‍ന്ന് സലിംരാജ് മുഖ്യമന്ത്രിയുടെ ഗണ്മാന് സ്ഥാനത്തു നിന്ന് പുറത്തായപ്പോഴാണ് ഭൂമി തട്ടിപ്പിലെ ഇരകള്‍ ധൈര്യമായി പരാതിയുമായി രംഗത്തു വരുന്നത്. എന്നിട്ടും സര്‍ക്കാര്‍ കോടതിയില്‍ സലിംരാജിന് അനുകൂലനിലപാട് സ്വീകരിച്ച് ജനങ്ങളെ ഞെട്ടിച്ചു.
രണ്ട് ഭൂമി തട്ടിപ്പുകളിലാണ് സലീംരാജ് ആരോപണ വിധേയനായത്. സലീംരാജും സഹോദരി ഭര്‍ത്താവ് അബ്ദുല്‍ മജീദും ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ചു 1.16 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കളമശ്ശേരിയിലെ കേസ്. തിരുവനന്തപുരത്ത് കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് രണ്ടാമത്തേത്.
കടകംപള്ളി വില്ലേജില്‍ നടന്ന തട്ടിപ്പില്‍ സലിംരാജിന്റെ പങ്ക് സൂചിപ്പിച്ച് എഡിജിപി സെന്‍കുമാറും ജില്ലാകലക്ടറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിയല്‍ എസ്റ്റേറ്റ് ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ വ്യാജ തണ്ടപ്പേര് തയാറാക്കിയും കോടതി വിധികള്‍ ദുര്‍വ്യാഖ്യാനം ചെയ്തും 44.5 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നൂറ്റിയമ്പതോളം പേരുടെ കൈവശമുള്ള ഭൂമിയാണ് വ്യാജ തണ്ടപ്പേരുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഇത് പരിഗണിച്ച് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്കി. 2013 മെയ് 23 നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. കളമശ്ശേരിയിലെ ഭൂമി തട്ടിപ്പ് സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനാണ് ഡിജിപിക്ക് കത്ത് നല്‍കിയത്. ഇതിലും വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശയുണ്ടായി. സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥനെന്ന നിലയില്‍ സലീംരാജിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്ത് വകുപ്പ് തല അന്വേഷണവും നടത്തി.
സലീംരാജും സഹോദരി ഭര്‍ത്താവ് അബ്ദുല്‍ മജീദും ചേര്‍ന്നു വ്യാജരേഖകള്‍ ചമച്ച് 1.16 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് ഇടപ്പള്ളി പത്തടിപ്പാലം ആഞ്ഞിക്കാത്തു വീട്ടില്‍ ഷെരീഫയുടെയും പരാതി. വര്‍ഷങ്ങളായി കരമടച്ചു വരുന്ന ഭൂമിയുടെ കരമടക്കാന്‍ റവന്യു അധികാരികള്‍ ഇപ്പോള്‍ അനുവദിക്കുന്നില്ലെന്നും വസ്തു എളങ്ങല്ലൂര്‍ സ്വരൂപത്തിന്റെ പേരിലാണെന്നും ഭൂമിയില്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പരാതിയില്‍ പേരുണ്ടായിട്ടും സലീംരാജിനെ ഒഴിവാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പോലിസിന്റെ നടപടിയും നേരത്തേ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: