കൊച്ചി: വ്യാപാരിയില്‍ നിന്നും 10,00,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ സിബിഐ യുടെ പിടിയിലായ ആദായ നികുതി ഉദ്യോഗസ്ഥര്‍ വരവില്‍ കവിഞ്ഞ കോടികളുടെ സ്വത്ത് സമ്പാദിച്ചതായ് സൂചന. മുംബൈ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളില്‍ ഫാമുകളും മറ്റു ഭൂസ്വത്തുകളും സമ്പാദിച്ചതായാണ് സ്ഥിരീകരിക്കാത്ത വിവരം. പ്രതികളായ അസി. കമ്മീഷണര്‍ പി.ജോസ് കുഞ്ഞിപ്പാലു വിന്‍സെന്റ് ജോസഫ് എന്നിവര്‍ കൂട്ടുചേര്‍ന്നാണ് പലസ്ഥലങ്ങളിലും ഭൂമി സ്വന്തമാക്കിയതെന്നാണ് അറിവ്. പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം അനധികൃത സ്വത്തു സമ്പാദനത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് സിബിഐ ഉദ്ദേശിക്കുന്നതെന്നും സൂചന. പ്രതികള്‍ നല്കിയ ജാമ്യാപേക്ഷയില്‍ സിബിഐ കോടതി ഇന്ന് വാദം കേള്‍ക്കും. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ സിബിഐ കോടതിയില്‍ എതിര്‍ക്കും.
കുഞ്ഞിപ്പാലുവും വിന്‍സെന്റ് ജോസഫും കാക്കനാട് സബ് ജയിലിലാണ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്. ഈ മാസം 22ന് രാവിലെ 10.50ന് ഐടി ക്വാര്‍ട്ടേഴ്സില്‍ വച്ച് പണം വാങ്ങുന്നതിനിടയിലാണ് സിബിഐ ഇവരെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ ഒറ്റപ്പിലാവിലുള്ള കാനോണ്‍ ഗ്രാനൈറ്റ് ഡയറക്ടര്‍ സൈമണ്‍ കെ.ഫ്രാന്‍സിസിന്റെ കയ്യല് നിന്നും നികുതി കുറച്ചു തരാം എന്ന വാഗ്ദാനവുമായി ഇരുവരും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 50ലക്ഷം രൂപ 2011-12 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് ആദായ നികുതി അടക്കാനുണ്ടെന്നും 10ലക്ഷം നല്കിയാല് അത് ഒരു ലക്ഷമായി കുറച്ചു നല്‍കാം എന്നുമായിരുന്നു ആദായ നികുതി ഉദ്യോഗസ്ഥര്‍ സൈമണിനു നല്കിയ വാഗ്ദാനം. എന്നാല്‍ കൈക്കൂലി നല്‍കുന്നതിനെതിരായ സൈമണ്‍ സിബിഐക്ക് പരാതി നല്‍കുകയായിരുന്നു. സിബിഐയുടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഇടനിലക്കാരനായ ടോമി എന്ന ഓഡിറ്ററെകുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: