ആറന്മുള: കുടിക്കാന്‍ നല്ല ജലവും അന്നം വിളയിക്കാന്‍ നല്ല മണ്ണും ശ്വസിക്കാന്‍ ശുദ്ധവായുവും സമൃദ്ധമായി ലഭിച്ചിരുന്ന ഇടങ്ങളെ പടുത്തുയര്‍ത്തിയവരുടെ സ്വപ്നങ്ങള്‍ വരും തലമുറയ്ക്ക് കൈമാറാനുള്ളതായിരുന്നുവെന്ന് കടമ്മനിട്ട പടയണിഗ്രാമം ചെയര്മാന് പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ നാല്പത്തിയഞ്ചാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ പൂര്‍വ്വികര്‍ പ്രകൃതിയെ പവിത്രമായി സൂക്ഷിച്ചതിനാലാണ് നാം ഇന്ന് ജീവിക്കുന്നത്. അവരുടെ സ്നേഹവും പാരസ്പര്യവും പ്രണയവും സ്വപ്നങ്ങളും ഭാവനയും ഭക്തിയും കൂടി ഇഴുകിച്ചേര്‍ന്നാണ് സംസ്ക്കാരം ഉടലെടുത്തത്. ആ സംസ്ക്കാരമാണ് മണ്ണും വായുവും ജലവുമൊക്കെ മലിനമാക്കാതെ നമുക്ക് വേണ്ടി കാത്തു സൂക്ഷിച്ചത്. ആ പാരമ്പര്യത്തെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും കടമ്മനിട്ട വാസുദേവന്‍ പിള്ള ആവശ്യപ്പെട്ടു.
കെജിഎസ് പണം വാരിയെറിഞ്ഞ് വിലയ്ക്കുവാങ്ങിയ ജനപ്രതിനിധികളുടെ വെല്ലുവിളികളെ ശ്രദ്ധയോടെ പ്രതികരിക്കണമെന്ന് സത്യഗ്രഹ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കര്‍ഷക സംഘം ജില്ലാ സെക്രട്ടറി വി.കെ. പുരുഷോത്തമന്‍പിള്ള അഭിപ്രായപ്പെട്ടു.
കവി കടമ്മനിട്ട രാമകൃഷ്ണന് ജിവനോടെ ഉണ്ടായിരുന്നെങ്കില്‍ ആറന്മുളയിലെ സമരത്തിന്റെ മുന്‍പന്തിയില്‍ തന്നെ ഉണ്ടാകുമായിരുന്നുവെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കടമ്മനിട്ട രാമകൃഷ്ണന്റെ പത്നി ശാന്താ രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. കവി പറഞ്ഞതുപോലെ പഴയ തലമുറ കാടുവെട്ടി നാടാക്കി. ഇന്ന് നാടു വെട്ടി നഗരമാക്കി. പ്രകൃതിയെ നശിപ്പിക്കുന്നവരോട് പറയുവാനുള്ളത് കവിയുടെ വരികളാണ്. “നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്”
സത്യഗ്രഹത്തില്‍ കടമ്മനിട്ട ഗോത്ര കലാകളരി കടമ്മനിട്ട പ്രസന്നകുമാര്‍, രഞ്ജിത്ത് കടമ്മനിട്ട എന്നിവരുടെ നേതൃത്വത്തില്‍ പടയണി അവതരിപ്പിച്ചു. കടമ്മനിട്ട കരുണാകരന്, അരുണ്‍കുമാര്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് വരയരങ്ങ് സംഘടിപ്പിച്ചു. അനു വി. സുദേവ് കടമ്മനിട്ടയുടെ നേതൃത്വത്തില്‍ രാഗസുധയും കടമ്മനിട്ടയിലെ കലാകാരന്മാരുടെ വേലകളി, കവിതകള്‍ എന്നിവയും നടന്നു.
സത്യഗ്രഹത്തില്‍ അഡ്വ. കെ. ഹരിദാസ് സ്വാഗതം പറഞ്ഞു. നാരങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്, റിട്ട. സീനിയര്‍ ഓഡിറ്റ് ഓഫീസര്‍ ആര്. തുളസീധരന്‍ പിള്ള, പി.എന്‍. രവീന്ദ്രന്, കെ.ഐ. ജോസഫ്, വി.എം. വിഷ്ണു, വിമല്‍ രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: