തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം പ്രഹസനമാകുന്നു. ജൂറിക്കു വേണ്ടിയുള്ള സിനിമാ പ്രദര്‍ശനം ആരംഭിച്ചെങ്കിലും സിനിമകാണാന്‍ ജൂറി ചെയര്‍മാനില്ല. ജൂറിക്കുള്ള സ്ക്രീനിങ് തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസം ചെയര്മാന് ഭാരതിരാജ ചെന്നൈക്ക് മടങ്ങി. ബാക്കിയുള്ളവര്‍ സമയം ലഭിക്കുമ്പോള്‍ മാത്രമാണ് സിനിമകള്‍ കാണുന്നത്. അവാര്‍ഡ് നിര്‍ണ്ണയം പ്രഹസനമാണെന്ന് ആരോപിച്ച് ചിലര്‍ രംഗത്തു വന്നെങ്കിലും ചലച്ചിത്രഅക്കാദമി അത് നിഷേധിച്ചു.
ജൂറി ചെയര്‍മാനാകാന്‍ പൂര്‍ണ്ണ സമ്മതമില്ലാതിരുന്ന ഭാരതിരാജയെ നിര്‍ബന്ധിച്ച് ചെയര്മാനാക്കുകയായിരുന്നെന്ന് ആരോപണം നേരത്തെയുണ്ടായിരുന്നു. ഇപ്പോള്‍ അധ്യക്ഷന്റെ അഭാവത്തിലും ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ പ്രദര്‍ശനം പുരോഗമിക്കുകയാണ്. 85 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. സംവിധായകന് ഭാരതിരാജ അധ്യക്ഷനായ ഏഴംഗ ജൂറിയാണ് ഇത്തവണ സിനിമാ അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. സംഗീത നാടക അക്കാദമി ചെയര്മാന് സൂര്യ കൃഷ്ണമൂര്‍ത്തി, എഡിറ്റര്‍ ബി. ലെനിന് സംവിധായകന് ഹരികുമാര്‍, സംഗീത സംവിധായകന് ആലപ്പി രംഗനാഥ്, ഛായാഗ്രാഹകന്‍ ആനന്ദകുട്ടന്, നടി ജലജ എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങള്‍.
അവാര്‍ഡിനെത്തിയ സിനിമകളുടെ ബാഹുല്യം കാരണം അവാര്‍ഡ് നിര്‍ണ്ണയം വഴിപാടാകുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇത്രയധികം ചിത്രങ്ങള്‍ ജൂറിയുടെ മുന്നിലെത്തുന്നത് നീതിയുക്തമായ തെരഞ്ഞെടുപ്പിന് തടസ്സമാകും. ഇത്രയധികം സിനിമകള്‍ നിശ്ചിത സമയത്തിനുള്ള കണ്ട് തീര്‍ക്കുക അപ്രായോഗികവുമാണ്. ജൂറിക്ക് മുന്നില്‍ സിനിമകളെത്തുന്നതിന് മുമ്പ് പ്രത്യേക കമ്മിറ്റി സിനിമകള്‍ കണ്ട് വിലയിരുത്തി അന്തിമമായി കുറച്ചു സിനിമകളുടെ പട്ടിക തയ്യാറാക്കുകയും ആ സിനിമകള്‍ ജൂറിക്ക് മുന്നിലെത്തിക്കുകയും വേണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തെ സംബന്ധിച്ച വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് വിശദീകരിച്ച് അക്കാദമി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. എറ്റവും നല്ലരീതിയില്‍ 2013ലെ അവാര്‍ഡ് നിര്‍ണയിക്കുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാരും അക്കാദമിയും സ്വീകരിച്ചുണ്ടെന്നു സെക്രട്ടറി എസ്. രാജേന്ദ്രന് നായര്‍ പറഞ്ഞു. മികച്ച ജൂറിയെ ആണ് സര്‍ക്കാര്‍ ഈ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂറി അംഗങ്ങള്‍ക്ക് എല്ലാ സിനിമകളും കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും ദിവസം അംഗത്തിനോ ചെയര്‍മാനോ സ്ക്രീനിങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നാല്‍ ആ ചിത്രം അവര്‍ക്കായി വീണ്ടും പ്രദര്‍ശിപ്പിക്കും. ജൂറിയുടെ കാലാവധി അഞ്ചുമാസമാണ്. എല്ലാ അംഗങ്ങളും എല്ലാ സിനിമകളും കണ്ട ശേഷമേ ജൂറി മീറ്റിങ് കൂടുകയുള്ളൂ. ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ ഭാരതിരാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജൂറി മീറ്റിങ്ങില്‍ തീരുമാനമായിട്ടുണ്ട്. എല്ലാ ജൂറി അംഗങ്ങളും പരസ്പര ധാരണയോടും സഹകരണത്തോടുമാണ് സ്ക്രീനിങ്ങില്‍ പങ്കെടുക്കുന്നത്. സ്ക്രീനിങ് സംബന്ധിച്ച് ആശയക്കുഴപ്പമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ല. അതിനാല്‍, അവാര്‍ഡ് സ്ക്രീനിങ് നടക്കുന്ന വേളയില്‍ ഇതുസംബന്ധിച്ച അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അക്കാദമി സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞതിനാലാണ് രചന വിഭാഗം ജൂറിയെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: