കൊച്ചി: നേതൃത്വങ്ങള്‍ തമ്മിലുള്ള രഹസ്യ ധാരണ മുന്നണി സ്ഥാനാര്‍ത്ഥികളുടെ ഉറക്കം കെടുത്തുന്നു. കോണ്‍ഗ്രസ് – സിപിഎം ഒത്തുകളിയാണ് പല മണ്ഡലങ്ങളിലും നടക്കുന്നതെന്ന പരാതി അണികള്‍ക്കുണ്ട്. പ്രചരണത്തിന്റെ വീറും വാശിയും കുറയാന്‍ ഇതൊരു കാരണമാണ്.
എറണാകുളത്ത് ഒത്തുകളിയാണെന്ന് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകര്‍ പോലും പറയുന്നുണ്ട്. സിപിഐ മത്സരിക്കുന്നയിടങ്ങളില്‍ സിപിഎം സജീവമായി പ്രചരണത്തിനിറങ്ങാത്തതും സംശയം ജനിപ്പിച്ചിട്ടുണ്ട്. 2009 ല്‍ വയനാട്ടില്‍ നടന്ന ചതി ആവര്‍ത്തിക്കുമെന്നാണ് സിപിഐ ഭയം. കാലു വാരിയാല്‍ തിരിച്ചും കാലുവാരുമെന്ന് ഒരു മുതിര്‍ന്ന സിപിഐ നേതാവ് പറഞ്ഞു. ഏതെല്ലാം മണ്ഡലങ്ങളില്‍ ആരെല്ലാം ജയിക്കണമെന്ന് ചിലര്‍ തീരുമാനിക്കുകയാണ്.
കോണ്‍ഗ്രസ്- സിപിഎം -ലീഗ് രഹസ്യ ധാരണ ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ വാക്കുകള്‍. പാര്‍ട്ടിക്കതീതമായി പണവും മറ്റു ചില ബന്ധങ്ങളുമാണ് നിര്‍ണ്ണായകമാവുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്നെ ഒത്തുകളി നടന്നതായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും കരുതുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ചില സീറ്റുകളില്‍ ഒരു ജയസാധ്യതയുമില്ലാത്ത സ്ഥാനാര്‍ത്തികളെ നിര്‍ത്തിയത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. എറണാകുളം. തൃശ്ശൂര്‍, കോട്ടയം, തുടങ്ങിയ മണ്ഡലങ്ങളില്‍ സിപിഎം നേതൃത്വം മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി ആത്മാര്‍ത്ഥമായി രംഗത്തിറങ്ങുന്നില്ലെന്ന് പരാതിയുണ്ട്.
പാലക്കാട് മണ്്ഡലത്തില്‍ കോണ്‍ഗ്രസ് നിര്‍ജ്ജീവമാണ്. ഇവിടെ വീരേന്ദ്രകുമാറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗം നിര്‍ജ്ജീവമാണ്. കോണ്‍ഗ്രസിന്റെ രണ്ടു വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളാണിത്.
സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റുകളും. ഇതിനു പുറമേയാണ് പാളയത്തിലെ പട. എറണാകുളത്ത് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്തു വന്നാലും കെവി തോമസിനെ പരാജയപ്പെടുത്തുമെന്ന വാശിയിലാണ്. കെ.വി തോമസ് സ്വന്തം കാര്യം മാത്രം നോക്കുന്ന ആളാണെന്നും മണ്ഡലത്തിലെ രാഷ്ട്രീയത്തിലോ വികസനത്തിലോ താത്പര്യമില്ലെന്നും യുവാക്കളെ വളര്‍ന്നു വരാന്‍ അനുവദിക്കുന്നില്ലെന്നുമാണ് പരാതി. ഇവിടെ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരാകട്ടെ ഇടതു സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ തോല്‍പ്പിക്കുമെന്ന് ഉറപ്പിച്ച മട്ടാണ്. തങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി നേതൃത്വം തീരുമാനിച്ച ൊത്തു തീര്‍പ്പു സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് അവര്‍.
കാസര്‍ഗോഡ് ടി .സിദ്ദിക്കിനെതിരെ പഴയ എ ഗ്രൂപ്പും വിശാല ഐ ഗ്രൂപ്പും കൈകോര്‍ക്കുന്നു. ഉമ്മന്‍ ചാണ്ടി വിഭാഗം മാത്രമാണ് സിദ്ദിക്കിന് അനുകൂലം.കണ്ണൂരില്‍ എ ഗ്രൂപ്പ് സുധാകരന്റെ പരാജയം ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ്്. മലപ്പുറത്ത് രണ്ടു മണ്ഡലങ്ങളിലും സിപിഎം നടത്തുന്നത് സൗഹൃദ മത്സരം മാത്രം. കോണ്‍ഗ്രസ്- സിപിഎം- ലീഗ്- കേരള കോണ്‍ നേതൃത്വം നടത്തുന്ന ഒത്തുകളി മത്സരത്തില്‍ ഏറെ നഷ്ടമുണ്ടാവുക സിപിഐ ഉള്‍പ്പെടെയുള്ള ചെറു കക്ഷികള്‍ക്കാണ്. അതിന്റെ ആശങ്കയിലാണ് ഈ കക്ഷികള്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: