പ്രകടനാഭാസവും ആഭാസപ്രകടനവുമുണ്ട്. ആദ്യത്തേത് പ്രകടനം നടത്തുന്നു എന്ന തോന്നിപ്പിക്കലാണ്. രണ്ടാമത്തേത് ഒതുരം അശ്ലീലമാണ്. തെരഞ്ഞെടുപ്പുകാലത്തെ പല പ്രകടനങ്ങളും രണ്ടാമത്തേതാണ്. …..
50 വര്‍ഷത്തിനിടെ കാര്യങ്ങള്‍ വേര്‍തിരിച്ചറിഞ്ഞ എട്ട് തവണ പ്രകടനപത്രികകളുടെ അവതരണം കണ്ടു. ഇന്ന പാര്‍ട്ടിയുടേത് എന്നില്ല. എല്ലാം ഏതാണ്ടൊക്കെ രണ്ടാംഗണത്തില്‍ പെട്ടവ. വാസ്തവത്തില്‍ ഇവയൊന്നും പ്രകടനപത്രികകളല്ല, വാഗ്ദാനപത്രികകളാണ്. വെറും വാഗ്ദാനങ്ങള്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മറന്നുപോകുന്ന, അധികാരത്തിലേറിയാല്‍ ഒരു ഘട്ടത്തിലും ഓര്‍മിക്കാത്ത, അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ തിരിച്ചുവിളിക്കുന്ന കുറേ സ്വപ്നങ്ങളുടെ കൂമ്പാരങ്ങള്‍.
പ്രകടനപത്രികകള്ക്കുപകരം പ്രകടിത പത്രികകള്‍ അവതരിപ്പിക്കാന്‍ ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് ധൈര്യമുണ്ടോ. സര്‍ക്കാര്‍ ചെയ്തത് പറയട്ടെ. പ്രതിപക്ഷം ചെയ്യിച്ചതു പറയിക്കട്ടെ. ഓരോരോ പാര്‍ട്ടികള്‍ അവരുടെ പ്രതിനിധികള്‍ നിയമനിര്‍മാണസഭയിലും അവരുടെ പാര്‍ട്ടി പുറത്തും ചെയ്ത ജനസേവനത്തിന്റെയും രാജ്യതാല്‍പ്പര്യത്തിന്റെയും കണക്കുകള്‍ നിരത്തട്ടെ. അപ്പോള്‍ കാണാം. അത് വിലയിരുത്തി ജനം വോട്ടു ചെയ്യട്ടെ. അവര്‍ ലക്ഷ്യമിട്ടതു പൂര്‍ത്തിയാക്കാന്‍ വോട്ടു ചോദിക്കട്ടെ. ഇപ്പോള്‍ കാണിക്കുന്നത് വെറും ആഭാസപ്രകടനങ്ങളാണ്. ഒന്നു നോക്കുക, 10 വര്‍ഷം ഭരണത്തിലിരുന്നിട്ടും ചെയ്യാനാവാത്ത കാര്യങ്ങള്‍ ഇനിയൊരഞ്ചുവര്ഷം കൂടി കിട്ടിയാല്‍ ചെയ്യുമെന്നു പറയുന്നത് ഭരണം കിട്ടിയാല്‍ പോലും ഭരണത്തലവനാവില്ലെന്നുറപ്പുള്ള മന്‍മോഹന്‍സിംഗ്. കൂട്ടാളികളോ സിനിമയില്‍ മമ്മൂട്ടി പറഞ്ഞതുപോലെ ഇന്ത്യ എന്താന്നറിയാത്ത സോണിയ മദാമ്മ. അമൂല്‍ ബേബി രാഹുല്‍ (കാക്കക്കു തന്‍കുഞ്ഞ് പൊന്കുഞ്ഞാണെങ്കിലും…) പോരാഞ്ഞ് എ.കെ.ആന്റണിയും (പ്രതിരോധം പ്രതികൂട്ടിലാണ്).
ഇനി ബിജെപിയുടെ പ്രകടനപത്രിക വരും. പക്ഷേ, വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ച വിഷന്‍ ഡോക്യുമെന്റ് പോലെ ഒന്നാകും അതെന്നാണ് പ്രതീക്ഷ. എന്തായാലും 12 വര്‍ഷത്തിലേറെ, ഒരു വ്യാഴവട്ടക്കാലം, ഒരു സംസ്ഥാനം ഭരിച്ച് വികസനത്തിന്റെ വഴി കാണിച്ച, ഭരിക്കുമെന്നുറപ്പുളള, ഒരു നേതാവ് തയ്യാറാക്കിയ രേഖയായിരിക്കും അത്. അതുകൊണ്ടുതന്നെ പ്രതീക്ഷക്ക് അവകാശമുണ്ട്.
അതിനിടെ ഒരു ചുകപ്പന്‍ പ്രകടനപത്രിക കടന്നുപോയി. ഭരിക്കില്ലെന്നുറപ്പുളള ഭരിക്കാന്‍ അവസരം കിട്ടിയാലും മിനിമം പരിപാടി മാത്രം നടപ്പാക്കുന്ന സംവിധാനം കൊണ്ടുവന്ന കൂട്ടരുടെ ആഭാസപ്രകടനം.
കെ.ബി.വര്‍ഗീസ്
എഞ്ചിനീയറിംഗ് ബിരുദധാരി
(തൊഴില്‍ ഇല്ല), കൊട്ടാരക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: