കോഴിക്കോട്: ആവശ്യമായ പണം കണ്ടെത്താനായില്ലെങ്കിലും സര്‍ക്കാര്‍ ട്രഷറികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കിയതായി വിവരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ബില്ലുകള്‍ ഈ മാസം 31 വരെ സമര്‍പ്പിക്കാമെന്നാണ് ഇന്നലെ വന്ന നിര്‍ദ്ദേശം. 26ന് വൈകുന്നേരം അഞ്ചോടെ ബില്ലുകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ ട്രഷറികള്‍ക്ക് നല്കിയ നിര്‍ദ്ദേശം. മാര്‍ച്ച് 22 വരെയുള്ളവയ്ക്കേ അലോട്ട്മെന്റ് ഉണ്ടാകൂഎന്നും വ്യക്തമാക്കിയിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നാണ് സര്‍ക്കാര്‍ ഇപ്രകാരം ട്രഷറികളില്‍ നിയന്ത്രണം വെച്ചത്. എന്നാല്‍ പതിവിന് വിപരീതമായ ഈ നടപടിയില്‍ പരക്കെ ആശങ്കയുണ്ടായിരുന്നു. ബില്‍ സമര്‍പ്പിക്കുന്നതില്‍ നിയന്ത്രണം വെച്ചാല്‍ തൃത്താല പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങളാണ് തടസ്സപ്പെടുക. ഈ സാഹചര്യം തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് നിയന്ത്രണം മാറ്റാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തം. ഇന്നലെ വൈകീട്ടോടെ ട്രഷറിയില്‍ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ഈ വിവരം അറിയിക്കുകയായിരുന്നു.
എന്നാല്‍ ഇതു സംബന്ധിച്ച് വൈകീട്ട് വരെ ഉത്തരവൊന്നും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആകുമോയെന്ന സംശയം ഉളളതുകൊണ്ടാകാം അതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്ലാന്‍ ബില്‍ ഏപ്രില്‍ വരെ സമര്‍പ്പിക്കാമെന്ന നിര്‍ദ്ദേശമുള്ളതായും അറിയുന്നു. ചെലവ് നിയന്ത്രിക്കാനുള്ള സര്‍ക്കാറിന്റെ ഉപായമാണിതെന്നും സൂചനയുണ്ട്. മാര്‍ച്ച് 31 ന് തിരക്കിട്ട് ബില്ലുകള്‍ നല്‍കേണ്ടതില്ലെന്നും പകരം സാവധാത്തില്‍ മതിയെന്നുമുള്ള സൂചനയാണിത്. അപ്രകാരമെങ്കില്‍ സാമ്പത്തിക വര്‍ഷാവസാനം പണം ട്രഷറികളില്‍ നിന്ന് ഒന്നിച്ചു ഒഴുകിപ്പോകുന്ന അവസ്ഥ തടയാനാവും. അതേ സമയം ചെലവുകള്‍ക്കുള്ള പണമൊന്നും ഇതുവരെയും കണ്ടെത്താന്‍ സര്‍ക്കാറിനായിട്ടില്ല. ക്ഷേമപദ്ധതികളിലും കടപ്പത്രങ്ങളിലൂടെയുമുള്ള തുക ട്രഷറികളിലേക്ക് എത്തിക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: