ആറന്മുള : ജീവിക്കാനുള്ള, പ്രകൃതിയെ നിലനിര്‍ത്താനുള്ള സമരത്തില്‍ യുവാക്കള്‍ ഒറ്റക്കെട്ടാകണമെന്ന് കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് കൗണ്‍സില്‍ കണ്‍വീനര്‍ ഷൈന്‍ ആന്റണി . ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ നാല്പത്തിനാലാം ദിവസം സംസാരിക്കുകയായിരുന്നു ഷൈന്‍ ആന്റണി.
അതിജീവനത്തിന് ജാതിയോ മതമോ ഇല്ല. മനുഷ്യന് ജീവിക്കുവാനുള്ള അവകാശം നിലനിര്‍ത്തുക എന്നുള്ളതാണ് വികസനം. ജീവവായുവും ജീവജലവും അന്നവും ജീവിക്കാനുള്ള അവകാശവുമാണ്വേണ്ടത്. മൂലമ്പള്ളി ആറന്മുളയില് ആവര്‍ത്തിക്കുവാനുള്ള സാധ്യതയുണ്ടെന്നും ഷൈന്‍ ആന്റണി അഭിപ്രായപ്പെട്ടു.
ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ നാല്പത്തിനാലാം ദിവസത്തെ സമ്മേളനം കഥകളി പദം ആലപിച്ച് കഥകളി സംഗീതജ്ഞന് കലാമണ്ഡലം സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. വിശ്വബ്രാഹ്മണ ആറന്മുള കണ്ണാടി നിര്‍മ്മാണ സൊസൈറ്റി ട്രഷറാര്‍ രാജപ്പന് ആചാരി അദ്ധ്യക്ഷം വഹിച്ചു.
വിമാനത്താവള വിരുദ്ധ ഏകോപനസമിതി കണ്‍വീനര്‍ പി.ആര്. ഷാജി സ്വാഗതം പറഞ്ഞു. കീഴ്വന്മഴി പള്ളിയോട പ്രതിനിധി റ്റി.കെ. ഹരിദാസ്, വിശ്വബ്രാഹ്മണ സമൂഹം മല്ലപ്പുഴശ്ശേരി യൂണിറ്റ് പ്രസിഡന്റ് കെ.പി. അശോകന്, സെക്രട്ടറി പി. ഗോപകുമാര്‍, ബിജെപി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍, പരിസ്ഥിതി പ്രവര്ത്തകന് കെ.പി. ശ്രീരംഗനാഥന്, സുരേഷ്കുമാര്‍, കെ.ജി. ജയകൃഷ്ണന്, വിജയമ്മ എസ് പിള്ള എന്നിവര്‍ സംസാരിച്ചു.
സത്യാഗ്രഹത്തിന്റെ നാല്പത്തിയഞ്ചാം ദിവസമായ വ്യാഴാഴ്ച സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് കടമ്മനിട്ടക്കൂട്ടം സത്യാഗ്രഹ പന്തലിലെത്തും. കടമ്മനിട്ട രാമകൃഷ്ണന് ഫൗണ്ടേഷന്, കടമ്മനിട്ട ശില്പ സമുച്ചയ സമിതി, കടമ്മനിട്ട പടയണി ഗ്രാമം, കടമ്മനിട്ട കലാവേദി, ദേശ സേവിനി വായനശാല എന്നീ സംഘടനകളാണ് കടമ്മനിട്ടക്കൂട്ടം എന്ന പേരിലറിയപ്പെടുന്നത്. പ്രൊഫ. കടമ്മനിട്ട വാസുദേവന്‍പിള്ള സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. വി.കെ. പുരുഷോത്തമന്‍പിള്ള അദ്ധ്യക്ഷത വഹിക്കും. കവി കടമ്മനിട്ട രാമകൃഷണന്റെ ഭാര്യ ശാന്ത രാമകൃഷ്ണന്, കടമ്മനിട്ട കരുണാകരന്, കെ.കെ. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: