ലണ്ടന്‍: ഹിഗ്സ് ബോസോണിനേക്കാള്‍ ചെറിയ കണം പ്രപഞ്ചത്തിലുണ്ടെന്ന് ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. ഈ വാദവുമായി രംഗത്തെത്തിയത് ലണ്ടനിലെ സെന്റര്‍ ഫോര്‍ കോസ്മോളജി ആന്റ് പാര്‍ട്ടിക്കിള്‍ ഫിസിക്സിലെ അസോസിയേറ്റ് പ്രൊഫസറായ തോമസ് റൈറ്റോവാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഗവേഷണഫലമായി ഈ വാദം സൈദ്ധാന്തികമായി തെളിയിക്കാനായെന്നാണ് റൈറ്റോവിന്റെ വെളിപ്പെടുത്തല്‍. ഈ സിദ്ധാന്തത്തെ വിമര്‍ശകര്‍ക്ക് എതിര്‍ത്ത് തോല്പിക്കാനാവാത്തത് തന്റെ കണ്ടെത്തലിന്റെ വിജയം സൂചിപ്പിക്കുന്നതായും അദ്ദേഹം പറയുന്നു. ഈ വാദം തെളിയിക്കപ്പെടുന്നതോടെ ഭൗതികശാസ്ത്ര മേഖലയിലെ പല അടിസ്ഥാന തത്വങ്ങളും വീണ്ടും തിരുത്തപ്പെടും. 2012 ജൂലൈ 4ന് യൂറോപ്യന്‍ ഓര്ഗനൈസേഷന് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ചരിത്രപരമായ പ്രഖ്യാപനം നടത്തി പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ കണം ഹിഗ്സ് ബോസോണാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാന്നിധ്യം ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു. സേണ്‍ ലബോറട്ടറിയിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ സഹായത്തോടെ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങളുടെ ഫലമായി കണ്ടെത്തിയ ഹിഗ്സ് ബോസോണ്‍ പ്രപഞ്ചരഹസ്യങ്ങളുടെ ഭൗതികശാസ്ത്ര അടിത്തറ പൊളിച്ചെഴുതുന്നതായിരുന്നു.
പ്രപഞ്ചോല്പത്തിക്ക് കാരണമായതെന്ന് വിശ്വസിക്കപ്പെടുന്ന ചെറുകണത്തിന്റെ അസ്തിത്വം 2013ല്‍ പീറ്റര്‍ ഹിഗ്സിന് നൊബേല്‍ സമ്മാനം നേടിക്കൊടുക്കുകയും ചെയ്തു. ഹിഗ്സ് ബോസോണിനെക്കാള് ചെറിയ കണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു അദൃശ്യ ശക്തിയുണ്ട്. ബന്ധന പ്രക്രിയ ന്യൂട്രോണുകളും പ്രോട്ടോണുകളും രൂപപ്പെടുന്നതിന് സമാനമാണ്. ഈ ചെറുകണങ്ങളുടെ സാന്നിധ്യം തെളിയിക്കപ്പെടണമെങ്കില്‍ കടമ്പകള്‍ ഇനിയും കടക്കേണ്ടതുണ്ടെന്നും തോമസ് റൈറ്റോവ് പറയുന്നു. എന്തായാലും ശാസ്ത്രലോകത്ത് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞ ഈ വെളിപ്പെടുത്തല്‍ പ്രായോഗികമായി സ്ഥിരീകരിക്കപ്പെട്ടാല്‍ ഭൗതികശാസ്ത്ര മേഖലയിലെ എല്ലാ കണ്ടെത്തലുകളും പൊളിച്ചെഴുതപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: