മട്ടാഞ്ചേരി: ഡോക്ടര്‍മാരില്ല, സൗകര്യങ്ങളില്ല, രോഗികള്‍ക്ക് വെള്ളമില്ല, കൊതുകുശല്യം രൂക്ഷം, മാലിന്യം നിറഞ്ഞ പരിസരം കൊച്ചി താലൂക്ക് സര്‍ക്കാര്‍ ആശുപത്രി പരാധീനതകളുടെ നടുവിലാണ്. അധികൃതരുടെ അവഗണനയില്‍ തളരുന്ന ആശുപത്രിയിലെ രോഗികള്‍ക്കാകട്ടെ ദുരിതപൂര്‍ണ സ്ഥിതിയും.
ഫോര്‍ട്ടുകൊച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കെട്ടിടങ്ങള്‍ ഏറെയാണ്. പതിനൊന്ന് ഡോക്ടര്‍മാര്‍ ആവശ്യമുള്ളിടത്ത് അഞ്ച് ഡോക്ടര്‍മാര്‍, കൂടാതെ എന്‍ആര്‍എച്ച്എം പ്രകാരം രണ്ടു ഡോക്ടര്‍മാരും. രണ്ടു ഡോക്ടര്‍മാര്‍ ദീര്‍ഘകാല അവധിയില്‍, രണ്ടു ഒഴിവുകള്‍, രണ്ടുപേര്‍ അവധിയിലും. പ്രതിദിനം ശരാശരി 500 ഓളം ഒപി രോഗികള്‍ എത്തുന്ന ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയിലാകട്ടെ രോഗികള്‍ക്കിരിക്കാന്‍ പോലും മതിയായ സൗകര്യമില്ല. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ അവധിയെടുത്താല്‍ അത്യാവശ്യ ചികിത്സ വേണ്ട രോഗികള്‍ സ്വകാര്യ ആശുപത്രിയെ ശരണം പ്രാപിക്കണം. മരുന്നുകളുടെ ദൗര്‍ലഭ്യം, മറ്റ് ആധുനിക ചികിത്സാ സംവിധാനങ്ങള്‍ എന്നിവ പരിമിതം മാത്രം.
ഓപ്പറേഷന് തിയറ്റര്‍ ഉണ്ടെങ്കിലും അത് രോഗികള്‍ക്ക് പ്രയോജനപ്പെടുന്നില്ല. പ്രസവശസ്ത്രക്രിയയും ഇഎന്‍ടി വിഭാഗം മൈനര്‍ സര്ജറിയുമാണിവിടെ നടക്കുന്നത്. ഓപ്പേറേഷന് ശേഷമുള്ള ഒബ്സര്‍വേഷന്‍ മുറി. മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇത് മൂലം ഓപ്പറേഷന് കഴിഞ്ഞ രോഗികള്‍ അണുബാധ, പൊടിശല്യം, ദുര്‍ഗന്ധ വായു എന്നിവയുടെ ഭീഷണിയിലും. വൈദ്യുതി ബന്ധം നിലച്ചാല്‍ ഓപ്പറേഷന് നടത്തണമെങ്കില്‍, മെഴുകുതിരി, എമര്‍ജന്‍സി വിളക്കിന്റെയോ സഹായം വേണം. കാലപ്പഴക്കം ചെന്ന ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ പുക മൂലം ഓപ്പറേഷന് തിയറ്റര്‍ പ്രവര്‍ത്തനം തടസ്സപ്പെടും, പരിസരം പുകയാല്‍ സമൃദ്ധമാകും. കഴിഞ്ഞ ദിവസം ഒബ്സര്‍വേഷന്‍ മുറിയിലെത്താതിനെതുടര്ന്ന് സര്ജന്മാര് ഓപ്പറേഷന് നടത്താന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് മറ്റൊരു മുറി തയ്യാറാക്കി നല്കാന് സൂപ്രണ്ട് തയ്യാറാകേണ്ടിവന്നു. വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ടുകൊച്ചിയിലുള്ള താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസര്‍ തസ്തിക വെട്ടിമാറ്റി. മൂന്ന് വര്‍ഷമായി തസ്തികഡോക്ടര് ഇല്ലാത്തതുമൂലം പശ്ചിമകൊച്ചിയിലെ അപകട-അത്യാഹിത ചികിത്സയ്ക്ക് ജനങ്ങള്‍ സ്വകാര്യ ആശുപത്രിയെ ശരണം പ്രാപിക്കേണ്ടിവരുന്നു.
മാലിന്യ-ജലജന്യ-പകര്‍ച്ചവ്യാധി രോഗസാധ്യത കൂടുതലുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും ഫോര്‍ട്ടുകൊച്ചി ആശുപത്രിയില്‍ വേണ്ടത്ര സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍-കോര്പ്പറേഷന് ജില്ലാ മെഡിക്കല്‍ വിഭാഗം തയ്യാറാകുന്നില്ലെന്ന് ജനകീയ സംഘടനകള്‍ പരാതിപ്പെടുന്നു. കെട്ടിടനിര്‍മാണം ഏറെ സാമ്പത്തിക സഹായം നേടിത്തരുന്നതുമൂലം പുതിയ കെട്ടിയമുണ്ടാക്കാനാണ് ജനപ്രതിനിധികള്‍ക്ക് താല്‍പ്പര്യമെന്നും ഇവര്‍ പറയുന്നു. താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര സൗകര്യമൊരുക്കിയില്ലെങ്കില്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ജനകീയ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: