തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു. 2013 നവംബര്‍ വരെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളായി 12,600ല്‍ അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗ കേസുകളും ഉപദ്രവങ്ങളും തട്ടിക്കൊണ്ടുപോകലുകളും പൂവാലശല്യങ്ങളും സ്ത്രീധനപീഡന മരണങ്ങളും ഭര്‍തൃപീഡനങ്ങളും മറ്റു അതിക്രമങ്ങളും ഉള്‍പ്പെടെയാണിത്. 1095 ബലാത്സംഗ കേസുകളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 113 കേസുകളാണ് റൂറലില്‍ മാത്രമായി നടന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളത്താണ്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണങ്ങള് ഏറ്റവുമധികം ഉണ്ടായത് തിരുവനന്തപുരത്താണ്. അഞ്ച് മരണങ്ങളാണ് ഇത്തരത്തിലുണ്ടായത്.
തൃശൂരിലും മലപ്പുറത്തും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൃശൂര്‍ റൂറലിലും നഗരത്തിലുമായി 1294 കേസുകളാണ് ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ 1271 കേസുകളാണുളളത്. 1688 പീഡനങ്ങളാണ് തിരുവനന്തപുരം റൂറലിലും നഗരത്തിലുമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്തനംതിട്ടയില്‍ 480, ആലപ്പുഴ 664, ഇടുക്കി 422, കോട്ടയം 587, എറണാകുളം റൂറലിലും നഗരത്തിലുമായി 1208, പാലക്കാട് 644, കോഴിക്കോട് റൂറലിലും നഗരത്തിലുമായി 1175, വയനാട് 402, കണ്ണൂര്‍ 891, കാസര്‍കോഡ് 690 കേസുകള്‍ വീതമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ ട്രയിനില്‍ നടന്ന അതിക്രമങ്ങളായി 70 കേസുകള്‍ റെയില്‍വേ പോലീസിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടര്‍ന്നുള്ള കേസുകളാണ് എണ്ണത്തില്‍ ഏറ്റവും കൂടുതല്‍. 4395 എണ്ണം. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 19 മരണങ്ങളുണ്ടായി. പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണമനുസരിച്ചുള്ള കണക്കുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. പരാതിപ്പെടാത്തതും രജിസ്റ്റര്‍ ചെയ്യാത്തതുമായ സംഭവങ്ങള്‍ ലഭ്യമായ കണക്കുകളുടെ പതിന്മടങ്ങാണ് ഉണ്ടാകുന്നത്. 2011ല്‍ 13,279 കേസുകളായിരുന്നു ഉണ്ടായത്. പീഡനങ്ങളുടെ എണ്ണത്തില്‍ ഉത്തര്പ്രദേശിനെക്കാളും ദല്‍ഹിയെക്കാളും മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളം എന്നാണ് പഠനങ്ങളും സര്‍വേകളും വ്യക്തമാക്കുന്നത്. ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയിലധികമാണ് സ്ത്രീകള്‍ക്കെതിരെ കേരളത്തില്‍ നടക്കുന്ന അതിക്രമങ്ങളുടെ നിരക്ക്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: