മോസ്കോ: ക്രിമിയയെ കൂട്ടിച്ചേര്‍ത്ത റഷ്യന്‍ നടപടിക്കെതിരെ യൂറോപ്യന്‍ യൂണിയന് കടുത്ത നടപടിയിലേക്ക്. റഷ്യയിലെ പന്ത്രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൂടി യൂറോപ്യന്‍ യൂണിയന് ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍ ഉപപ്രധാനമന്ത്രിയും ഉക്രൈന് മുന്‍ പ്രസിഡന്റും അടക്കം 21 ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തേ തന്നെ യൂറോപ്യന്‍ യൂണിയന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഉക്രൈനെ അസ്ഥിരപ്പെടുത്താന്‍ റഷ്യ ശ്രമിച്ചാല്‍ ദൂരവ്യാപക പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പ് നല്കി. റഷ്യയ്ക്കെതിരായ ഉപരോധ നടപടികള്‍ ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയനും നടപടികള്‍ ശക്തമാക്കിയത്. അതിനിടെ ക്രൈമിയയെ റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാക്കുന്ന ഉടമ്പടിക്ക് റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭ അംഗീകാരം നല്കി.
അതേസമയം ഉപരോധം റഷ്യയ്ക്ക് കടുത്ത വെല്ലുവിളിയാകും. യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യാപാര വാണിജ്യ ബന്ധം ഉപേക്ഷിക്കുന്നതു റഷ്യയുടെ സാമ്പത്തികനില പരുങ്ങലിലാക്കും. ഇറാനു നേരെ നടപ്പാക്കിയതിനു സമാനമായ രീതിയില്‍ ഉപരോധം ഏര്‍പ്പെടുത്താനാണു പാശ്ചാത്യ രാഷ്ട്രങ്ങളുടെ നീക്കമെന്നാണു സൂചന. റഷ്യയുടെ കരുത്തായ എണ്ണസമ്പത്തിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സാമ്പത്തിക ഉപരോധം അടിച്ചേല്‍പ്പിച്ച് എണ്ണ കയറ്റുമതി തടസ്സപ്പെടുത്തുകയായിരിക്കും ആദ്യപടി. ലോകത്ത് എണ്ണസമ്പത്ത് അധികമായുളള രാജ്യങ്ങളില്‍ പ്രമുഖസ്ഥാനമാണ് റഷ്യയ്ക്കുളളത്. യൂറോപ്യന്‍ രാജ്യങ്ങള്‍ എണ്ണയ്ക്കു മുഖ്യമായി ആശ്രയിക്കുന്നത് റഷ്യയെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: