പത്തനംതിട്ട: കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയാല്‍ ആറന്മുളയിലെ വിമാനത്താവള പദ്ധതി നിര്‍ത്തലാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘അന്യോന്യം’ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ ദുരഭിമാനമാണ് വിമാനത്താവള പദ്ധതിയെ ഇപ്പോള്‍ നിലനിര്‍ത്തുന്നത്. പദ്ധതിക്കെതിരേ അനിശ്ചിതകാല സത്യാഗ്രഹത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടതും സംസ്ഥാന സര്‍ക്കാര്‍തന്നെയാണെന്നും മുരളീധരന്കുറ്റപ്പെടുത്തി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും വി.മുരളീധരന് അഭിപ്രായപ്പെട്ടു. ഓരോ പ്രദേശങ്ങളിലും നിലപാട് സ്വീകരിക്കാന്‍ അവിടെയുള്ള ജനങ്ങള്‍ക്കാവണം അധികാരം. ഇപ്പോള്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ കഴിയുന്നില്ല. അതിനാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയാണ് ബിജെപി പിന്തുണയ്ക്കുന്നത്. കര്‍ഷകരുടെ നിലപാടുകള്‍ അംഗീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് പാര്‍ട്ടിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവും. രാജ്യത്ത് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് എല്ലാ വിശകലനങ്ങളും സൂചിപ്പിക്കുന്നു.
ബിജെപി നടത്തുന്ന കേന്ദ്രവിരുദ്ധ സമരങ്ങള്‍ക്ക് ശേഷമാണ് പൊതുതെരഞ്ഞെടുപ്പ് എത്തിയിരിക്കുന്നത്. വിലക്കയറ്റവും അഴിമതിയുമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. കഴിഞ്ഞ തവണ അധികാരത്തിലെത്തുമ്പോള്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞത് നൂറ് ദിവസത്തിനകം വിലക്കയറ്റം നിയന്ത്രിക്കുമെന്നാണ്. എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും യുപിഎ സര്‍ക്കാരിന് വിലക്കയറ്റം നിയന്ത്രിക്കാനായില്ല.
അഴിമതിയുടെ പേരില്‍ നിരവധി മന്ത്രിമാര്‍ക്ക് രാജിവെയ്ക്കേണ്ടിവന്നത് ജനം മറന്നിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. ഭീകരരോടുള്ള ഉദാര സമീപനം രാഷ്ട്രസുരക്ഷയെതന്നെ അപകടത്തിലാക്കി. കാര്‍ഷിക മേഖലയും തകര്‍ന്നു. കേരളത്തില്‍ റബറിന്റെ വിലത്തകര്‍ച്ചമൂലം വന്‍ പ്രതിസന്ധി നേരിടുന്നു.
രണ്ടുവര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന വിലയാണ് റബറിന് ഇപ്പോഴുള്ളത്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് പതിനൊന്നേകാല്‍ ലക്ഷം ടണ്‍ റബ്ബറാണ്. ഇതില്‍ പത്തുലക്ഷംടണ്ണും കേരളത്തിന്റെ സംഭാവനയാണ്. ആവശ്യമായതിന്റെ 97 ശതമാനം റബറും ഇന്ത്യയില്‍തന്നെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ബാക്കി മൂന്ന് ശതമാനത്തിന് വേണ്ടിയാണ് ലക്ഷക്കണക്കിന് ടണ്‍ റബര്‍ ഇറക്കുമതി നടത്തുന്നത്.
കേന്ദ്രസര്‍ക്കാര്‍ മാറുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഭരണപക്ഷത്തിരിക്കേണ്ട ജനപ്രതിനിധികളെ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കാന്‍ വി.മുരളീധരന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രസ്ക്ലബ് സെക്രട്ടറി സാംചെമ്പകത്തില്‍ അദ്ധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: