കൊച്ചി: പാവക്കുളത്തപ്പന് കൂവളമാല അര്‍പ്പിച്ച് ധാരയും പുഷ്പാഞ്ചലിയും നടത്തി പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സോടെയാണ് എ.എന്‍.രാധാകൃഷ്ണന് ഇന്നലെ പത്രികസമര്‍പ്പണത്തിന് ഒരുങ്ങിയത്. പുലര്‍ച്ചെ അഞ്ച് മണിക്ക് പാവക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ എ എന്‍ ആര് അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. തുടര്‍ന്ന് ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെത്തിവഴിപാടുകള് നടത്തിയ ശേഷം ദേശദേവതയായ ചേരാനല്ലൂര്‍ ഭഗവതിയ്ക്കു മുന്നിലും വഴിപാടുകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് എട്ടരയോടെ ഫാക്ടിലേക്ക്. ഫാക്ടിലെ തൊഴിലാളികളാണ് കെട്ടിവയ്ക്കുന്നതിനുള്ള പണം സമാഹരിച്ചുനല്‍കിയത്. സജീവന്, ശിവശങ്കരന്, എന്‍.പി. ശങ്കരന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഈ പണം എ.എന്‍. രാധാകൃഷ്ണന് കൈമാറി. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ എഫ് എ സി ടി തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ ഫാക്ട് സംരക്ഷിക്കുന്നതിന് വേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫാക്ടും മുഖ്യവിഷയമാക്കാന്‍ ഒരുങ്ങുകയാണ് എ എന്‍ ആര്. എറണാകുളത്തിന്റെ വികസനമാണ് തന്റെ ലക്ഷ്യമെന്നും അതില്‍ ഫാക്ടിനുള്ള പങ്ക് വളരെ വലുതാണെന്ന ചിന്തയുമാണ് ഇതിന് പിന്നില്‍. തുടര്‍ന്ന് 150 ഓളം പ്രവര്‍ത്തകര്‍ക്കൊപ്പം കളക്ടറേറ്റിലേക്ക്.
വരണാധികാരികൂടിയായ ജില്ല കളക്ടര്‍ രാജമാണിക്യത്തിന് മുമ്പാകെ രാവിലെ 11.55 ഓടെ പത്രിക സമര്‍പ്പണം. ഒരു സെറ്റ് പത്രികയാണ് അദ്ദേഹത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടത്. ബിജെപി ചേരാനെല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ. ശെല്‍വരാജ് പിന്താങ്ങി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി .എസ് . ശ്രീധരന് പിള്ള, ജില്ലാ പ്രസിഡന്റ് പി .ജെ. തോമസ്, ദേശീയ സമിതിയംഗം നെടുമ്പാശേരി രവി, ജില്ലാ സെക്രട്ടറി എന്‍. പി. ശങ്കരന്‍കുട്ടി, ടി .പി. മുരളി എന്നിവരും സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാന്‍ രാജ്യം വോട്ട് ചെയ്യുന്ന ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പ്രതിനിധിയായി മത്സരിക്കുന്ന തനിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്ന് പത്രികാ സമര്‍പ്പണത്തിന് ശേഷം എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. രാജ്യമെങ്ങും ആഞ്ഞടിക്കുന്ന മോദി തരംഗത്തിന്റെ പ്രതിഫലനം സംസ്ഥാനത്തുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. പത്രിക സമര്‍പ്പണത്തിന് ശേഷം ബിജെപി മുന്‍ ജില്ലാ സെക്രട്ടറിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പറവൂരിലേക്കാണ് പിന്നീട് അദ്ദേഹം പോയത്.
കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രൊഫ കെ.വി. തോമസ്, വാരണാധികാരിയും ജില്ല കലക്ടറുമായ എം.ജി. രാജമാണിക്യത്തിന്റെ മുന്‍പാകെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് പൊതു മരാമത്ത് വകപ്പു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, ഡി സി സി പ്രസിഡണ്ട് വി ജെ പൗലോസ്, ബെന്നി ബഹനാന് എം എല്‍ എ, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജന സെക്രട്ടറി എം.എം. ഫ്രാന്‍സിസ് എന്നിവരോടൊപ്പം കളക്ട്രേറ്റില്‍ എത്തിയാണ് കെ.വി.തോമസ് പത്രിക സമര്‍പ്പിച്ചത്. ചാള്‍സ് ഡയസ് എംപി, എന്‍.കെ.നാസര്‍, പി ജയകുമാര്‍ എന്നിവര്‍ പത്രിക പിന്താങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: