സിംഫെറോപ്പോള്‍: യുക്രെയിനില്‍നിന്നു വേര്‍പെട്ട് റഷ്യന്‍ ഫെഡറേഷനില്‍ ചേരുന്നതിനുള്ള ഹിതപരിശോധന ക്രിമിയയില്‍ ആരംഭിച്ചു. അതേസമയം ക്രിമിയയെ ഫെഡറേഷനില്‍ ചേര്‍ക്കാനുള്ള നീക്കത്തിനു കനത്ത വില നല്‍കേണ്ടി വരുമെന്ന് യുഎസും യൂറോപ്യന്‍ യൂണിയനും റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഹിതപരിശോധനയ്ക്കെതിരേ യുഎന്നില്‍ കൊണ്ടുവന്ന പ്രമേയത്തെ റഷ്യ മാത്രമാണ് വീറ്റോ ചെയ്തിരുന്നത്. വോട്ടെടുപ്പിനു മുന്നോടിയായി റഷ്യ ക്രിമിയന്‍ മേഖലയില്‍ വന്‍തോതില്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
യുക്രെയിനിലെ സ്വയംഭരണ പ്രവിശ്യയായ ക്രിമിയ റഷ്യന്‍ വംശജര്‍ക്കു ഭൂരിപക്ഷമുള്ള മേഖലയാണ്. റഷ്യന്‍ നാവികസേനയുടെ കരിങ്കടല്‍ കപ്പല്‍പ്പടയുടെ ആസ്ഥാനവും ഇവിടെയാണ്.
ഹിതപരിശോധന തടയാനുള്ള അവസാനശ്രമമെന്ന നിലയില്‍ യുക്രെയിന് പാര്‍ലമെന്റ്, ക്രിമിയയിലെ പ്രാദേശിക പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: