ആലുവ: യാത്രക്കാരിയുടെ വ്യാജ പരാതിയുടെ പേരില്‍ കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡോര്‍ ചെക്കറെ തേവര പൊലീസ് തേങ്ങയ്ക്കിടിച്ചതായി പരാതി. ആലുവ ഐലന്റ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സോപാനം ബസിലെ ജീവനക്കാരന് ആലുവ നോര്‍ത്ത് എടത്തല അംബിക വിലാസത്തില്‍ രാധാകൃഷ്ണന്റെ മകന് വൈശാഖി (23)നാണ് അകാരണമായി പൊലീസിന്റെ മര്‍ദ്ദനമേറ്റതായി ആരോപണം.
ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങിയ വൈശാഖ് ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇത് സംബന്ധിച്ച് വൈശാഖിന്റെ മാതാവ് അംബിക സിറ്റി പൊലീസ് കമ്മീഷണര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഹര്‍ജി നല്കി.
കളിയാക്കിയെന്നാരോപിച്ച് സരിത ജംഗ്ഷനില്‍ നിന്ന് ബസില്‍ കയറിയ യുവതിയാണ് വൈശാഖിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഫോണില്‍ സംസാരിച്ചതിനെ കളിയാക്കുകയാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതി പരാതി നല്‍കിയതെന്നാണ് വൈശാഖ് പറയുന്നത്.
ഉണ്ടായ സംഭവം പൊലീസിനെ അറിയിച്ചിട്ടും എസ്.ഐയും മറ്റൊരു പോലീസുകാരനും ചേര്‍ന്ന് തേങ്ങ ഉപയോഗിച്ച് മുതുകിന് ഇടിക്കുകയായിരുന്നുവെന്നാണ് വൈശാഖ് പറയുന്നത്. നിലത്തിരുത്തിയ ശേഷം കാലിനടിയില്‍ ചൂരലിന് പലവട്ടം അടിച്ചതായും പറയുന്നു. വിദഗ്ധ ചികിത്സക്കായി സ്വകാര്യാശുപത്രിയിലേക്ക് മാറ്റുമെന്നും വൈശാഖിന്റെ ബന്ധുക്കള്‍ അറിയിച്ചു. ബി.ജെ.പി ചാലക്കുടി മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. ബി. ഗോപാലകൃഷ്ണന്, നിയോജക മണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി, സെക്രട്ടറി കെ.ജി. ഹരിദാസ്, വിജയന് കുളത്തേരി എന്നിവരുള്‍പ്പെടെ നിരവധി പേര് വൈശാഖിനെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: