കൊച്ചി: നാമനിര്‍ദേശ പത്രിക നല്‍കാനെത്തുന്ന സ്ഥാനാര്‍ഥികള്‍ക്കൊപ്പം റിട്ടേണിംഗ് ഓഫീസിന്റെ നൂറുമീറ്റര്‍ പരിധിക്കുളളില്‍ വാഹനങ്ങളും വ്യക്തികളും വരുന്നതിനുളള തിരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു.
പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ഥികള്‍ പ്രകടനത്തിന്റെ അകമ്പടിയോടെ എത്തരുത്. വരണാധികാരിയുടെ ഓഫീസിന്റെ 100 മീറ്റര്‍ പരിധിയില്‍ മൂന്നുവാഹനങ്ങള്‍ മാത്രമേ സ്ഥാനാര്ഥിക്കൊപ്പമുണ്ടാകാവൂ. സ്ഥാനാര്‍ഥിയുള്‍പ്പടെ അഞ്ചുപേര്‍ക്കേ പത്രിക സമര്‍പ്പണവേളയില്‍ വരണാധികാരിയുടെ ഓഫീസില്‍ പ്രവേശനം അനുവദിക്കൂ. പത്രികസമര്‍പ്പണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വരണാധികാരിയുടെ കീഴിലുള്ള സംഘം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും.
പത്രിക സൂക്ഷ്മപരിശോധന വേളയില്‍ സ്ഥാനാര്‍ഥി, തിരഞ്ഞെടുപ്പ് ഏജന്റ്, പത്രിക പിന്താങ്ങിയ ഒരാള്‍, സ്ഥാനാര്‍ഥി രേഖാമൂലം ചുമതലപ്പെടുത്തുന്ന മറ്റൊരാളും ഉള്‍പ്പെടെ നാലുപേര്‍ക്കാണ് പരിശോധന ഹാളില്‍ പ്രവേശനം. സുരക്ഷ ക്രമീകരണങ്ങളില്‍ ഉള്‍പ്പെട്ട മന്ത്രി, രാഷ്ട്രീയകക്ഷിനേതാവ്, സ്ഥാനാര്‍ഥി എന്നിവര്‍ക്ക് അതിന്റെ ഭാഗമായി സുരക്ഷ ഏജന്‍സിയുടെ ശിപാര്‍ശക്കനുസരിച്ച് ഒരു ബുളളറ്റ് പ്രൂഫ് വാഹനമുപയോഗിക്കാം. എന്നാല്‍ ഒന്നിലധികം വാഹനം ഇതേയാവശ്യത്തിനായി ഉപയോഗിക്കാന്‍ പാടില്ല. വാഹന വ്യൂഹത്തിലെ പെയിലറ്റ്, എസ്കോര്‍ട്ട് വാഹനമുള്പ്പെടെയുളള കാര്യങ്ങള്‍ സുരക്ഷ ഏജന്‍സികളുടെ ശിപാര്ശയനുസരിച്ചായിരിക്കണം. സര്‍ക്കാരിന്റെ ബ്ലൂ ബുക്ക് പ്രകാരമുളള സുരക്ഷ ക്രമീകരണങ്ങളുളള പ്രധാനമന്ത്രിക്ക് ഈ നിര്‍ദേശം ബാധകമല്ല.
തിരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി ഇരുചക്രവാഹനമുള്‍പ്പെടെ എത്ര വാഹനങ്ങള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ സ്ഥാനാര്‍ഥിക്ക് അവകാശമുണ്ട്. എന്നാല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെല്ലാം വരണാധികാരിയുടെ മുന്‍കൂര്‍ അനുമതിയും പെര്‍മിറ്റും വാങ്ങിയിരിക്കണം. അസല്‍ പെര്‍മിറ്റ് കാര്‍ഡ് തന്നെ വാഹനത്തിന് മുമ്പില്‍ എല്ലാവരും കാണുംവിധം പതിച്ചിരിക്കണം. പെര്‍മിറ്റ് കാര്‍ഡില്‍ വാഹനത്തിന്റെ നമ്പരും സ്ഥാനാര്‍ഥിയുടെ പേരും ഉണ്ടായിരിക്കും.
ഒരു സ്ഥാനാര്‍ഥിയുടെ ആവശ്യത്തിനായെടുത്ത ഒരു വാഹന പെര്‍മിറ്റ് മറ്റൊരു സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇന്‍ഡ്യന്‍ ശിക്ഷാനിയമം 171 എച്ച് വകുപ്പ് പ്രകാരമുളള ശിക്ഷയ്ക്ക് വിധേയമാക്കാവുന്ന കുറ്റമാണിത്. പെര്‍മിറ്റില്ലാതെ തിരഞ്ഞെടപ്പ് ആവശ്യത്തിന് വാഹനം ഉപയോഗിക്കുന്നതും ശിക്ഷ നടപടികള്‍ വിളിച്ചു വരുത്തും.
തിരഞ്ഞെടുപ്പ് പ്രചരണ വാഹനത്തില്‍ മോട്ടോര്‍ വാഹന നിയമ പ്രകാരവും തദ്ദേശീയമായ നിയമങ്ങളും അനുസരിച്ചുളള മോടിപിടിപ്പിക്കലും ആകാം. എന്നാല്‍ വീഡിയോ പ്രദര്‍ശനം ഉള്‍പ്പെടെയുളള എല്ലാതരം പ്രചരണ വാഹനങ്ങള്‍ക്കും മോട്ടോര്‍ വാഹന നിയമപ്രകാരം ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് പെര്‍മിറ്റ് എടുത്തിരിക്കണം. ലൗഡ്സ്പീക്കര്‍ ഘടിപ്പിക്കുന്നതുപോലും മോട്ടോര്‍വാഹന നിയമപ്രകാരമായിരിക്കണം. സര്‍ക്കാര്‍ സഹായമുളളതോ, സ്വകാര്യ ഉടമസ്ഥതയിലുളളതോ, സര്‍ക്കാര്‍ ഉടമസ്ഥതയിലുളളതോ ആയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മൈതാനം രാഷ്ട്രീയ പ്രചരണങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വേദിയാക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: