ക്വാലാലംപൂര്‍: ചൈനയിലേക്ക് പോകവെ കഴിഞ്ഞ ശനിയാഴ്ച കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയില്ലെന്ന് മലേഷ്യ വ്യക്തമാക്കി.
വിമാനത്തിന്റെ ഭാഗങ്ങളെന്നു കരുതുന്ന വസ്തുക്കളുടെ ദൃശ്യങ്ങള്‍ തെക്കന്‍ ചൈനാ കടലില്‍ നിന്ന് ചൈനയുടെ സാറ്റ്ലൈറ്റുകള്‍ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഭാഗത്ത് പരിശോധന നടത്തിയ ശേഷമാണ് തങ്ങള്‍ ഈ നിഗമനത്തില്‍ എത്തിയതെന്നും മലേഷ്യന്‍ സര്‍ക്കാരിന്റെ വക്താവ് അസറുദ്ദീന് അബ്ദുള്‍ റഹ്മാന് പറഞ്ഞു. അഞ്ചു ഇന്ത്യാക്കരടക്കം 239 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം നിശ്ചയിക്കപ്പെട്ട റൂട്ടില്‍ നിന്ന് ഗതിമാറി സഞ്ചരിച്ച വിമാനം ഏതാണ്ട് അഞ്ചു മണിക്കൂറോളം യാത്ര ചെയ്തതായി അമേരിക്ക കണ്ടെത്തിയെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
അപ്രത്യക്ഷമാകുന്നതിന് മുമ്പ് വിമാനത്തില്‍ നിന്ന് രണ്ടു തവണയായി അയക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക ഈ നിഗമനത്തിലെത്തിയത്.
ഏതാണ്ട് നൂറു മൈലെങ്കിലും വിമാനം ഗതിമാറി സഞ്ചരിച്ചു എന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: