റിയാദ്: മുസ്ലീം ബ്രദര്‍ഹുഡിനെ സൗദി അറേബ്യ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. മുസ്ലീം ബ്രദര്‍ഹുഡിനോടുള്ള അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഖത്തറില്‍ നിന്നും അംബാസിഡറെ തിരിച്ചുവിളിച്ചതിന്റെ തുടര്‍ച്ചയായാണിത്. മുസ്ലീം ബ്രദര്‍ഹുഡിന് പുറമെ സിറിയന്‍ വിമതരുമായി പോരാടുന്ന ജീഹാദി ഗ്രൂപ്പുകളായ നുസ്റ ഫ്രണ്ടും ലവന്റിനും ഭീകര സംഘടനകളുടെ പട്ടികയില്‍പ്പെടുത്തി.
സിറിയയില്‍ പോരാട്ടം തുടരുന്ന സൗദി പൗരന്മാര് 15 ദിവസത്തിനകം സൗദിയിലേക്ക് തിരച്ചുവരണമെന്നും സൗദി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടുത്ത നിലപാടുകളുള്ള ഇസ്ലാമിസ്റ്റ് സംഘടനകളേയാണ് സൗദി അറേബ്യ ഇപ്പോള്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡിനെ ഈ പട്ടികയില്‍പ്പെടുത്തി എന്നതാണ്. ഈജിപ്തിലെ മുഹമ്മദ് മുര്‍സി രൂപം നല്‍കിയതാണ് മുസ്ലീംബ്രദര്‍ഹുഡ്.
ഇത്തരം സംഘടനകളെയോ ഗ്രൂപ്പുകളേയോ രാജ്യത്തിനകത്തും പുറത്തുനിന്നും പിന്തുണയ്ക്കുന്നതും അനുഭാവം പുലര്‍ത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും ശത്രുരാജ്യവുമായി ബന്ധം സ്ഥാപിക്കുന്നതും രാജ്യത്ത് സമാധാനത്തിന് ഭംഗം വരുത്തുന്ന തരത്തിലുള്ള ഏത് പ്രവൃത്തികളേയും നിരോധിച്ചിട്ടുണ്ട്. സൗദിക്ക് പുറത്ത് ഏതെങ്കിലും തരത്തിലുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന പൗരന്മാര്ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കഴിഞ്ഞമാസം സൗദി വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നിരോധനം.
ആഭ്യന്തര, വിദേശ, നീതി-ന്യായ മന്ത്രാലയങ്ങളും ഇസ്ലാമികകാര്യ, പബ്ലിക് പ്രോസിക്യൂഷന് വിഭാഗങ്ങളുടേയും സംയുക്ത യോഗത്തിലാണ് ഭീകരസംഘടനകളുടെ പട്ടിക തയ്യാറാക്കിയത്. ഇസ്ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ്, യമനില്‍ പ്രവര്‍ത്തിക്കുന്ന ഷിയാ ഹുദിയേയും ഈ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: