ക്വാലാലംപൂര്‍: ചൈനയിലേക്കുള്ള യാത്രാമദ്ധ്യേ കാണാതായ മലേഷ്യന്‍ വിമാനത്തിനായി തെരച്ചില്‍ തുടരുന്നു. വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയില്ലെന്ന് അന്വേഷണം നടത്തുന്ന വിയറ്റ്നാം അറിയിച്ചു. വിമാനത്തിന്റെ വാതിലിന്റെ ഒരു ഭാഗം കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ ഞായറാഴ്ച രാത്രി കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിമാനം തട്ടിക്കൊണ്ടു പോകാനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്ന് മലേഷ്യ അറിയിച്ചു.
വിമാനം അപ്രത്യക്ഷമായി രണ്ട് ദിവസം കഴിഞ്ഞിട്ടും വിമാനം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വിയറ്റ്നാം അധിക്യതര്‍ തെരച്ചില്‍ വ്യാപകമാക്കി. ഇന്ന് രാവിലെയും കപ്പലുകളുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. ചൈന, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ നാവിക സേനകളാണ് തെരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് എഫ്.ബി.ഐയുടെ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും എത്തിയിട്ടുണ്ട്.
റഡാര്‍ സ്ക്രീനില്‍ നിന്നും അപ്രത്യക്ഷമായതിനു തൊട്ടുപിന്നാലെയാണ് വിമാനത്തിന്റെ ദിശ തിരിച്ചുവിട്ടത് എന്നാണ് അധിക്യതരുടെ നിഗമനം. കാണാതായ യാത്രക്കാരുടെ ബന്ധുക്കളോട് ഏതുസാഹചര്യം നേരിടാനും അധിക്യതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനം കാണാതായതില്‍ സുരക്ഷാ വീഴ്ച്ച ഉണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ക്വാലാലംമ്പൂര്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെയും, ഗാര്‍ഡുകളെയും ചോദ്യം ചെയ്ത് വരികയാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബീജിങിലേക്ക് പറക്കുകയായിരുന്ന വിമാനം കാണാതായത്. മലേഷ്യയുടെ കിഴക്കന്‍ തീരത്തിനും വിയറ്റ്നാമിന്റെ പശ്ചിമതീരത്തിനുമിടയില് വച്ച് വിമാനത്തിന്റെ എയര്‍ട്രാഫിക് ബന്ധം നഷ്ടമാവുകയും തുടര്‍ന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 227 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 153 ചൈനക്കാരും 38 മലേഷ്യക്കാരും കൂടാതെ ഇന്ത്യ, ആസ്ട്രേലിയ, ഡച്ച്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് യാത്രക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: