ക്വാലാലംപൂര്‍: തെക്കന്‍ ചൈന കടലിനു മുകളില്‍വച്ച് കാണാതായ മലേഷ്യന്‍ വിമാനം സംബന്ധിച്ച ദുരൂഹതയുടെ കനമേറുന്നു. വിമാനം തകര്‍ത്തതാണോ അതോ തട്ടിയെടുത്തതോ സ്വയം തകര്‍ന്നുവീണതോ എന്നതടക്കമുള്ള കാര്യങ്ങളില്‍ സംഭവംനടന്ന് 48 മണിക്കൂറുകള്‍ പിന്നിട്ടിട്ടും വ്യക്തതയില്ല. തെക്കന്‍ ചൈന കടലില്‍ നൂറു കിലോമീറ്ററോളം നീണ്ടുകിടക്കുന്ന മേഖലയില്‍ അന്താരാഷ്ട്ര സംഘങ്ങള്‍ ഇന്നലെയും വ്യാപക തെരച്ചില്‍ തുടര്‍ന്നു. വിയറ്റ്നാമിന്റെ തെക്ക് ഭാഗത്തായിരുന്നു പ്രധാന പരിശോധന.
വിയറ്റ്നാം, തായ്ലന്റ്, ആസ്ട്രേലിയ, സിംഗപ്പൂര്‍, ചൈന, അമേരിക്ക എന്നിവയടക്കം ഒമ്പതു രാജ്യങ്ങളിലെ 40 കപ്പലുകളും 35 വിമാനങ്ങളും രക്ഷാ ദൗത്യത്തില്‍ സജീവമായുണ്ട്. വിമാനത്തിന്റെ വാതിലിന്റെ കഷണമെന്നു തോന്നിച്ച ഒരു വസ്തു വിയറ്റ്നാമി സംഘം കണ്ടതായി ഞായറാഴ്ച്ച രാത്രി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതു കണ്ടെടുക്കാന്‍ സാധിച്ചില്ല. നാലു വിമാനങ്ങളും ഏഴു കപ്പലുകളും നടത്തിയ കഠിനശ്രമങ്ങള്‍ ലക്ഷ്യംകാണാതെ പോയി.
അതിനിടെ, മോഷ്ടിച്ച പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്രചെയ്ത രണ്ടുപേര്‍ക്കും ഏഷ്യക്കാരുടെ മുഖഛായയാണെന്ന് സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ തെളിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും വന്നു. യൂറോപ്യന്‍ പാസ്പോര്ട്ടുകള് കൈവശം വച്ചവരില്‍ ഏഷ്യക്കാരുടെ സ്വഭാവസവിശേഷതകള്‍ കണ്ടിട്ടും കര്‍ശന പരിശോധന നടത്താത്ത ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ അലംഭാവവും വിമര്‍ശന വിധേയമായിക്കഴിഞ്ഞു. എന്നാല്‍ രണ്ട് യാത്രക്കാര്‍ക്ക് ഏഷ്യന്‍ മുഖമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മലേഷ്യന്‍ അന്വേഷണ സംഘ തലവന്‍ തള്ളിക്കളഞ്ഞു.
ശനിയാഴ്ച ബീജിങ്ങില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പോകുന്ന വിമാനത്തില്‍ കോസല്‍, മറാള്‍ഡി എന്നീ പേരുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യപ്പെട്ടിരുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സതേണ്‍ ചൈന എയര്‍ലൈന്‍സ് വഴിയാണ് ഇരുവരും ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്. യാത്രികരെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ബലപ്പെട്ട സാഹചര്യത്തില്‍ ഫങ്കറ്റ് ദ്വീപിലെ പാസ്പോര്‍ട്ട് മാഫിയകളെ കേന്ദ്രീകരിച്ച് തായ്ലന്റ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
239 പേരുമായി ബീജിങ്ങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തെ ശനിയാഴ്ച്ചയാണ് കാണാതായത്. ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുശേഷം വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ക്വാലാലംപൂര്‍, ബീജിങ് തുടങ്ങി വിവിധ എയര്‍പോര്‍ട്ടുകളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി യാത്രികരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോഴും കണ്ണീരോടെ കാത്തുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: